ഷാഹി കബീർ പതിവ് തെറ്റിച്ചില്ല, പൊളിച്ചടുക്കി കുഞ്ചാക്കോ ബോബൻ; മികച്ച പ്രതികരണങ്ങൾ നേടി 'ഓഫീസർ ഓൺ ഡ്യൂട്ടി'

രേഖാചിത്രത്തിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റാകും ഓഫീസർ ഓൺ ഡ്യൂട്ടി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

dot image

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നും വളരെ മികച്ച തിരക്കഥയാണ് സിനിമയുടേതെന്നുമാണ് ആദ്യ പ്രതികരണങ്ങൾ.

ആദ്യ പകുതിയും രണ്ടാം പകുതിയും ഒരുപോലെ മികച്ചുനിൽക്കുന്നെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിലുള്ള സംവിധാനമാണ് സിനിമയുടേതെന്നും അഭിപ്രായങ്ങളുണ്ട്. വില്ലൻ ഗ്യാങ്ങിന്റെ പെർഫോമൻസിനും ജേക്സ് ബിജോയ്യുടെ പശ്ചാത്തല സംഗീതത്തിനും കൈയടി ലഭിക്കുന്നുണ്ട്. രേഖാചിത്രത്തിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ് ആണ് ഓഫീസർ ഓൺ ഡ്യൂട്ടി എന്നാണ് എല്ലാവരും പറയുന്നത്. ജീത്തു അഷ്റഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി.

പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Officer on duty gets good response after first show

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us