പ്രണയവും ഫിലോസഫിയും ഉണ്ടാകുമോ? എന്താണ് മോഹൻലാലിനായി അനൂപ് മേനോൻ ഒരുക്കിവെച്ചിരിക്കുന്നത്?; വൈറലായി തിയറികൾ

രണ്ടാം തവണയാണ് മോഹൻലാലും അനൂപ് മേനോനും ഒന്നിക്കുന്നത്. 2008 ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ പുറത്തിറങ്ങിയ ആദ്യ മോഹൻലാൽ ചിത്രം

dot image

അൻവർ റഷീദ്, അമൽ നീരദ്, ബ്ലെസി തുടങ്ങിയ സംവിധായകരുടെ ഒപ്പം മോഹൻലാൽ ഒന്നിക്കുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലാകെ നിറഞ്ഞു നിൽക്കുന്നു. നിരവധി പരാജയങ്ങൾക്ക് ശേഷം മോഹൻലാൽ മികച്ച സിനിമയുമായി തിരിച്ചെത്തുന്നത് കാണാൻ അക്ഷമരായി കാത്തിരുന്ന മോഹൻലാൽ ആരാധകർക്ക് മുന്നിലേക്ക് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പ്രഖ്യാപനം വരുന്നു. അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അടുത്തതായി മോഹൻലാൽ അഭിനയിക്കുക എന്നായിരുന്നു അത്. വാർത്തയറിഞ്ഞ എല്ലാവരും ആദ്യം ഒന്ന് ഞെട്ടി. അക്ഷരാർത്ഥത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു കൂടിച്ചേരൽ. സോഷ്യൽ മീഡിയയിലാകെ ചർച്ച പിന്നെ അനൂപ് മേനോൻ - മോഹൻലാൽ കൂട്ടുകെട്ടിനെപ്പറ്റി ആയി. പ്രതീക്ഷകളും നിരാശയും ഒരുപോലെ ഈ അന്നൗൺസ്‌മെന്റിന് പിന്നാലെയെത്തി.

പ്രണയവും വിരഹവും സംഗീതവും ചേരുന്ന യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. തിരുവനന്തപുരത്തും കൊൽക്കത്തയിലും ഷില്ലോങ്ങിലുമായിരിക്കും സിനിമ ചിത്രീകരിക്കുക എന്നും ഈ കുറിപ്പിലുണ്ടായിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പല രീതിയിലുള്ള ചര്‍ച്ചകള്‍ ഉടലെടുത്തു.

ദി ഡോൾഫിൻസ്, കിംഗ്ഫിഷ്, വരാൽ എന്നീ സിനിമകളെ ഉൾപ്പെടുത്തി തമാശരൂപേണ പറയുന്ന അനൂപ് മേനോൻ അക്വാട്ടിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന സിനിമയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. സ്ഥിരം അനൂപ് മേനോൻ സിനിമകളെ പോലെ നിറയെ പ്രണയവും അതിലേറെ ഫിലോസഫിയും ഉൾപ്പെടുത്തിയാണോ ഈ സിനിമയും ഒരുങ്ങുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ അനൂപ് മേനോന്‍ സിനിമകളിലെ സീനുകൾ എക്സിൽ വൈറലാകുന്നുണ്ട്. അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അവസാനമിറങ്ങിയ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇത് ഒരു കൂട്ടം മോഹൻലാൽ ആരാധകർക്ക് ആശങ്കയുമുണ്ടാക്കുന്നുണ്ട്.

എന്നാല്‍ അനൂപ് മേനോനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ടതില്ലെന്ന് പറയുന്നവരുമുണ്ട്. അതിന് ഉദാഹരണമായി അവര്‍ എടുത്തുകാണിക്കുന്ന ഏറ്റവും പ്രധാന ചിത്രം മോഹന്‍ലാലും അനൂപ് മേനോനും ആദ്യമായി ഒന്നിച്ച പകല്‍നക്ഷത്രങ്ങളാണ്. 2008 ൽ പുറത്തിറങ്ങിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. വലിയ കൊമേർഷ്യൽ വിജയം ആയിരുന്നില്ലെങ്കിലും ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇത്. പകല്‍നക്ഷത്രങ്ങളില്‍ മോഹൻലാൽ അവതരിപ്പിച്ച സിദ്ധാർത്ഥൻ എന്ന കഥാപാത്രവും കൈയ്യടികൾ നേടിയിരുന്നു.

അനൂപ് മേനോന്‍ എന്ന തിരക്കഥാകൃത്തിനെ കുറച്ചു കാണേണ്ടതില്ലെന്നതിന് തെളിവായി മറ്റ് ചില സിനിമകള്‍ കൂടി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ബ്യൂട്ടിഫുള്‍, കോക്ക്ടെയ്ല്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ മികച്ച സിനിമകൾ അനൂപ് മേനോൻ എഴുതിയിട്ടുണ്ടെന്നും മോഹൻലാലിനെ പോലെ ഒരു താരത്തിനെ ഇന്ന് ലഭിക്കുമ്പോൾ മനോഹരമായ ചിത്രമാകും അദ്ദേഹം ഒരുക്കുകയെന്നും പറയുകയാണ് ഇവര്‍.

നേരത്തെ അനൂപ് മേനോന്റെ തിരക്കഥയിൽ വികെ പ്രകാശ് സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമ ആയിരുന്നു നാല്പതുകാരന്റെ ഇരുപതുകാരി. ചില കാരണങ്ങളാൽ ഈ സിനിമ നടന്നിരുന്നില്ല. ഒരു പ്രണയ സിനിമയായി ഒരുങ്ങാൻ ഇരുന്ന ഈ കഥയാണോ മോഹൻലാലിനായി അനൂപ് മേനോൻ ഒരുക്കിവച്ചിരിക്കുന്നതെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സിനിമയില്‍ അഭിനേതാവായി തുടങ്ങിയ അനൂപ് മേനോന്‍ പകൽ നക്ഷത്രങ്ങളിലൂടെയാണ് തിരക്കഥാകൃത്തായി അരങ്ങേറുന്നത്. അവിടന്നങ്ങോട്ട് നിരവധി സിനിമകൾക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്. വികെ പ്രകാശ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ ബ്യൂട്ടിഫുൾ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. സിനിമയ്ക്ക് തിരക്കഥ എഴുതിയത് അനൂപ് മേനോൻ ആയിരുന്നു.

ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, കോക്ക്ട്ടെയിൽ, എന്റെ മെഴുതിരി അത്താഴങ്ങൾ തുടങ്ങി നിരവധി സിനിമകൾക്ക് അനൂപ് മേനോൻ തിരക്കഥയെഴുതി. ഈ സിനിമകൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചിരുന്നു. മോഹൻലാലിനൊപ്പവും ഇതേ മാജിക് ആവർത്തിക്കട്ടെ എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ആക്ഷനും വയലൻസും നിറഞ്ഞ ഇപ്പോഴത്തെ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫീൽ ഗുഡ് സിനിമ മോഹൻലാലിൽ നിന്ന് ആഗ്രഹിക്കുന്നെന്നും ആരാധകർക്ക് പറയുന്നുണ്ട്. അനൂപ് മേനോൻ സിനിമ ഇതിന് വഴിയൊരുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Content Highlights: Mohanlal to team up with Anoop Menon for a movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us