
മരണമാസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആരതി ഉഴിയാനായി ടൊവിനോ കെെനീട്ടിയതും കിട്ടാതെ പോയതും ഒപ്പം ബേസിൽ കളിയാക്കിച്ചിരിച്ചതും ഓര്‍മയില്ലേ... എങ്ങനെ മറക്കാനാണല്ലേ... കെെനീട്ടി അമളി പറ്റുന്ന ട്രെന്‍ഡിന്‍റെ ശരിക്കുള്ള തുടക്കം അവിടെ നിന്നാണല്ലോ.
ഇതിന് പിന്നാലെ സൂപ്പര്‍ ലീഗ് കേരളയുടെ മാച്ചിനിടയിൽ ബേസിലിന് ഒരു കളിക്കാരൻ കൈകൊടുക്കാതെ പോയതും അവിടന്ന് അങ്ങോട്ട് ഒരുപിടി കൈകൊടുക്കൽ ട്രെൻഡ് ഉണ്ടായതുമെല്ലാം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരുന്നു. ഒടുവിൽ ഇതിന് അവസാനം വന്നിരിക്കുകയാണ്.
ടൊവിനോയുടെ ഏറ്റവും പുതിയ സിനിമയായ പള്ളിച്ചട്ടമ്പിയുടെ പൂജാ ചടങ്ങിന്‍റെ വീഡിയോയില്‍
ആരതി അടുത്തേക്ക് എത്തുമ്പോൾ വളരെ ശ്രദ്ധാപൂർവം എന്നാൽ ചിരിച്ചുകൊണ്ട് അതിൽ തൊട്ട് തൊഴുന്ന ടൊവിനോയെ കാണാനാകും. ഈ നിമിഷത്തിനായി ടൊവിനോ കാത്തിരിക്കുകയായിരുന്നെന്നും പണ്ട് ഇതുപോലെ ഒരു സന്ദർഭത്തിലാണ് അയാൾ എയറിൽ പോയതെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. അവിടെയിരുന്ന് ചിരിക്കുന്നവരുടെ മനസിലെല്ലാം ഒരേയൊരു ഫ്ലാഷ്ബാക്ക് മാത്രമാണെന്നും ടൊവിനോയ്ക്ക് പഴയ കാര്യമോർത്തിട്ട് ചിരി നിർത്താൻ പറ്റുന്നില്ലെന്നുമാണ് മറ്റു കമന്റുകൾ. ടൊവിനോയ്ക്ക് ആരതി കിട്ടിയതോടെ 'കെെകിട്ടാതിരിക്കല്‍ ട്രെന്‍ഡ്' അവസാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയില്‍ ബേസിൽ കൈ കൊടുക്കാൻ പോയതും അമളി പറ്റിയതും തുടർന്ന് ആ പോസ്റ്റിന് ടൊവിനോ കമന്റുമായി എത്തിയതും ചിരിപടർത്തിയിരുന്നു. കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു.
സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. സഞ്ജു സാംസൺ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി മാറുകയായിരുന്നു. തുടർന്ന് സൂരജ് വെഞ്ഞാറമൂട്, മമ്മൂട്ടി തുടങ്ങി മന്ത്രിമാര്‍ വരെ ഈ കൈകൊടുക്കൽ-കിട്ടാതിരിക്കല്‍ ട്രെൻഡിൽ പെട്ടുപോയിരുന്നു.
Content Highlights: Tovino Thomas new video goes viral on social media