
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് 'മദ്രാസി' എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ ഇതായിരുന്നില്ല സിനിമയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്ന പേര് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
സിനിമയ്ക്ക് ആദ്യം ഹണ്ടർ എന്നായിരുന്നു പേര് നിശ്ചയിച്ചിരുന്നത്. എന്നാൽ രജനികാന്ത്-ടിജെ ജ്ഞാനവേൽ ചിത്രത്തിന് 'വേട്ടയ്യൻ'എന്ന് പേരിട്ടതിന് പിന്നാലെയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമയുടെ പേര് മാറ്റാൻ തീരുമാനിച്ചത്. രജനികാന്തിനോടുള്ള ആദരവായാണ് സിനിമയുടെ ടൈറ്റിൽ മാറ്റുന്നതിന് ശിവകാർത്തികേയൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്ന് 123 തെലുഗു റിപ്പോർട്ട് ചെയ്യുന്നു.
ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Reports that Sivakarthikeyan dropped first title for with AR Murugadoss due to Rajinikanth