
അമിതാഭ് ബച്ചനെ നായകനാക്കി മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത റിവഞ്ച് ആക്ഷൻ ത്രില്ലർ സിനിമയാണ് അഗ്നീപഥ്. തന്റെ അച്ഛനെ കൊന്നവർക്കെതിരെ പ്രതികാരം ചെയ്യാനിറങ്ങുന്ന ദീനനാഥ് ചൗഹാൻ എന്ന കഥാപാത്രത്തെയാണ് ബച്ചൻ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമയിലെ ബച്ചന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വിജയിക്കാനായിരുന്നില്ല. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ അച്ഛനായ യാഷ് ജോഹർ ആയിരുന്നു സിനിമ നിർമിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് കരൺ ജോഹർ.
അഗ്നീപഥിന്റെ പരാജയം തന്റെ അച്ഛനെ വല്ലാതെ തളർത്തിയെന്നും അദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ് താൻ വർഷങ്ങൾക്കിപ്പുറം ചിത്രം റീമേക്ക് ചെയ്തതെന്നും കരൺ ജോഹർ പറയുന്നു. 'അഗ്നീപഥ് വിജയിക്കാതെ പോയപ്പോൾ എന്റെ അച്ഛൻ തകർന്ന് പോയി. സിനിമയ്ക്ക് നിരവധി പ്രശംസകൾ ലഭിച്ചു. അമിത് ജിയുടെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് എല്ലാവരും പറഞ്ഞിട്ടും ദേശീയ അവാർഡ് പോലും നേടിയിട്ടും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചില്ല. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ആ സിനിമ റീമേക്ക് ചെയ്യണമെന്നും അത് ഹിറ്റടിക്കണമെന്നും ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒടുവിൽ ചിത്രം പുറത്തിറങ്ങിയപ്പോൾ വലിയ ഹിറ്റാകുകയും ചെയ്തു', കരൺ ജോഹർ പറഞ്ഞു.
2012 കരൺ ജോഹർ അഗ്നീപഥ് അതേ പേരിൽ തന്നെ റീമേക്ക് ചെയ്തിരുന്നു. ഹൃത്വിക് റോഷൻ ആയിരുന്നു സിനിമയിൽ ബച്ചന് പകരം നായകനായി എത്തിയത്. വമ്പൻ പ്രകടനമാണ് സിനിമ ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ 193 കോടിയാണ് നേടിയത്. സിനിമയിലെ ഗാനങ്ങളും ഹൃത്വിക്കിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത്, ഋഷി കപൂർ, ഓം പുരി, സറീന വഹാബ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
Content Highlights: The failure of Agneepath affected my father says Karan Johar