
അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയാണ് വിടാമുയർച്ചി. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം തണുപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ചിത്രം ഒടിടിയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം മാർച്ചിൽ സ്ട്രീം ചെയ്യുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമയ്ക്ക് ശേഷം അനിരുദ്ധ് - അജിത് കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.
Content Highlights: Vidaamuyarchi to release in OTT soon