
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
പ്രൊഡക്ഷൻ നമ്പർ 2 എന്ന പേരിൽ ഒരു കത്തിയുമായി പുറം തിരിഞ്ഞു നിൽക്കുന്ന നടനെയും മുമ്പിലായി ഒരു വിന്റേജ് മോഡൽ, തോക്കുമാണ് പോസ്റ്ററിൽ കാണുന്നത്. അവിടെ ഇവിടെങ്ങളിലായി ചിന്നിത്തെറിച്ചിരിക്കുന്ന രക്തക്കറകളും എല്ലാം സൂചിപ്പിക്കുന്നത് ഇതും ഒരു വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും എന്നാണ്.
നവാഗതനായ പോൾ ജോർജ് ആണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. തന്റെ രണ്ടാമത്തെ പ്രൊഡക്ഷൻ തന്നെ ഒരു പുതിയ സംവിധായകനെ ഏൽപ്പിച്ചു കൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നിർമ്മാതാവായ ഷെരീഫ് മുഹമ്മദ്. മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്റർടൈൻമെന്റ്സ്.
ചിത്രത്തിന്റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗൽഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മാർക്കോയുടെ വിജയം മുൻ നിർത്തികൊണ്ട് ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
Content Highlights: Cubes Entertainment has announced the next film after Marco