
നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഡാക്കു മഹാരാജ്'. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ ബോളിവുഡ് നായിക ഉർവശി റൗട്ടേലയും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തിനായുള്ള നടിയുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള കഥാപാത്രത്തെയാണ് ഉർവശി റൗട്ടേല സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനായി നടി മൂന്ന് കോടി രൂപ ഈടാക്കിയതായാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഓരോ മിനിറ്റിനും ഒരു കോടിയിലധികം രൂപയാണ് ഉർവശി കൈപറ്റിയിരിക്കുന്നത് എന്നാണ് സൂചന.
നേരത്തെ ചിത്രത്തിലെ ബാലകൃഷ്ണയും ഉർവശി റൗട്ടേലയും ഉള്ള ഒരു ഗാനരംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗാനത്തിന്റെ കൊറിയോഗ്രഫിയെ ചൂണ്ടികാണിച്ചായിരുന്നു വിമർശനം. കെ.ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിർവഹിച്ചത്.
തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്. അഖണ്ഡ, ഭഗവന്ത് കേസരി, വീര സിംഹ റെഡ്‌ഡി എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന ബാലയ്യ ചിത്രമാണ് ഡാക്കു മഹാരാജ്. പ്രഗ്യ ജെയ്സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.
Content Highlights: Reports that Urvashi Rautela charge a whopping fee for Daaku Maharaaj