ലൂസിഫറില്‍ ആരും കണ്ടുപിടിക്കാത്ത ഒരു മിസ്‌ടേക്ക് ഞാന്‍ കണ്ടുപിടിച്ചു; എമ്പുരാനിലെത്തിയ വഴി പറഞ്ഞ് സുരാജ്

"നാളുകള്‍ക്ക് ശേഷം 'അണ്ണാ, അന്ന് പറഞ്ഞ കുറവ് പരിഹരിച്ചിട്ടുണ്ട്' എന്ന് രാജു പറഞ്ഞു"

dot image

എമ്പുരാനിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സജനചന്ദ്രന്‍ എന്ന രാഷ്ട്രീയനേതാവായാണ് ചിത്രത്തില്‍ സുരാജ് എത്തുന്നത്. പതിവ് പോലെ കഥാപാത്രത്തെ കുറിച്ച് നടന്‍ സംസാരിക്കുന്ന വീഡിയോയും ക്യാരക്ടര്‍ പോസ്റ്ററിനൊപ്പം പുറത്തുവന്നിട്ടുണ്ട്.

എമ്പുരാനിലേക്ക് പൃഥ്വിരാജ് തന്നെ കാസ്റ്റ് ചെയ്തതിന് പിന്നിലുള്ള രസകരമായ കഥയാണ് വീഡിയോയില്‍ സുരാജ് പറയുന്നത്. 'ലൂസിഫര്‍ റിലീസിന് ശേഷം ഡ്രൈവിങ് ലൈസന്‍സ് ഷൂട്ടിനിടെയാണ് രാജുവിനെ കാണുന്നത്. ലൂസിഫര്‍ മികച്ച സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. ലൂസിഫര്‍ എന്ന സിനിമയില്‍ ആരും കണ്ടുപിടിക്കാത്ത ഒരു മിസ്‌ടേക്ക് ഉണ്ടെന്നും അത് ഞാന്‍ കണ്ടുപിടിച്ചെന്നും രാജുവിനോട് പറഞ്ഞു. അതുകേട്ടപ്പോള്‍ രാജുവിന് ആകാംക്ഷയായി.

ആ സിനിമയില്‍ ഞാന്‍ ഇല്ല എന്നതാണ് ആ കുറവ് എന്ന് പറഞ്ഞു, അതുകേട്ട് രാജു പൊട്ടിച്ചിരിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ എന്നെ അഭിനയിപ്പിച്ച് ആ കുറവ് പരിഹരിക്കാനും പറഞ്ഞു. പിന്നീട് നാളുകള്‍ക്ക് ശേഷം 'അണ്ണാ, അന്ന് പറഞ്ഞ കുറവ് പരിഹരിച്ചിട്ടുണ്ട്' എന്ന് പറഞ്ഞ് എനിക്ക് രാജുവിന്റെ കോള്‍ വന്നു,' സുരാജ് പറയുന്നു.

സജനചന്ദ്രന്‍ എന്ന കേരളരാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന രാഷ്ട്രീയക്കാരനായാണ് എമ്പുരാനില്‍ താന്‍ എത്തുന്നതെന്നും സുരാജ് പറഞ്ഞു. എമ്പുരാന്റെ ഇതുവരെ പുറത്തുവന്നിട്ടുള്ള ഓരോ ക്യാരക്ടര്‍ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണ് എമ്പുരാനെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Suraj Venjaramoodu about his role in Empuraan movie

dot image
To advertise here,contact us
dot image