ഇത് കുറച്ച് കുഴപ്പം പിടിച്ച സംഭവമാ! ഭയം നിറച്ച് 'വടക്കൻ' ട്രെയ്‌ലർ, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ

ഹോളിവുഡ് സ്റ്റാൻഡേർഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

dot image

ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്‍ദ വിന്ന്യാസവുമായി 'വടക്കൻ' സിനിമയുടെ ട്രെയ്‌ലർ എത്തി. വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ 'വടക്കന്‍' മാർച്ച് ഏഴിനാണ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നത്. ഉദ്വേഗഭരിതവും ആകാംക്ഷ നിറയ്ക്കുന്നതുമായ ട്രെയ്‌ലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. ഒരു ദ്വീപിൽ നടക്കുന്ന ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചർച്ചചെയ്യുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ട്രെയ്‌ലർ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. സിനിമയിലെ 'കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം…' എന്ന് തുടങ്ങുന്ന ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹോളിവുഡ് സ്റ്റാൻഡേർഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടിക്കാനം, വാഗമൺ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവൽ ഇൻ്റർനാഷണൽ ഡെൽ സിനിമ ഡി സലേർനോ 2024 (78-ാമത് സലേർനോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) യിൽ ഒഫീഷ്യൽ കോംപറ്റീഷനിൽ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്സ്ക്ലൂസീവ് പ്രീമിയർ, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്‍റാസ്റ്റിക് പവലിയനിൽ ഈ വർഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നീ പ്രശസ്തർ അണിയറയിൽ ഒരുമിക്കുന്ന 'വടക്കൻ' ഈ വിഭാഗത്തിൽ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി 'വടക്കൻ' ചരിത്രം രചിച്ചിരുന്നു. ഫ്രാൻസിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നറായിരുന്നു 'വടക്കൻ'.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും 'വടക്കൻ' എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവരുടെ ആത്മവിശ്വാസം.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ൽ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് ഒരുക്കുന്നത്.

കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

ഛായാഗ്രഹണം: കെയ്കോ നകഹാര ജെഎസ്സി, അഡീഷണൽ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്സാമോ, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോർഡിംഗ് മിക്സേഴ്സ്: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിൻ കുട്ടി, ടീസർ സൌണ്ട്സ്കേപ്പ്: റസൂൽ പൂക്കുട്ടി, ബിജിബാൽ, രചയിതാവ്: ഉണ്ണി ആർ, എഡിറ്റർ: സൂരജ് ഇ. എസ്, സംഗീതസംവിധായകൻ: ബിജിബാൽ, വരികൾ: ബി.കെ ഹരിനാരായണൻ, ഷെല്ലി, എംസി കൂപ്പർ, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, കോസ്റ്റ്യൂം ഡിസൈനർ: ഖ്യതി ലഖോട്ടിയ, അരുൺ മനോഹർ, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയർ സ്റ്റൈലിസ്റ്റ്: ഉണ്ണിമോൾ, ചന്ദ്രിക, ആക്ഷൻ ഡയറക്ടർ: മാഫിയ ശശി, അഷ്റഫ് ഗുരുകുൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സ്ലീബ വർഗീസ്, സുശീൽ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒട്ടാത്തിക്കൽ, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈൻ പ്രൊഡ്യൂസേഴ്സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓൾ ടൈം ഫിലിം, വിഎഫ്എക്സ്: ഫ്രോസ്റ്റ് എഫ്എക്സ് (എസ്റ്റോണിയ) ഐവിഎഫ്എക്സ്, കോക്കനട്ട് ബഞ്ച് ക്രിയേഷൻസ് & ഗ്രേമാറ്റർ (ഇന്ത്യ), കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്ക്ൽ, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ശിവകുമാർ രാഘവ്, പബ്ലിക് റിലേഷൻസ്: അതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, ഓഡിയോ ലേബൽ: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റിൽസ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്.

Content Highlights:  vadakan movie trailer out now

dot image
To advertise here,contact us
dot image