ഭാസിയെക്കൊണ്ട് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത്: അജയൻ ചാലിശ്ശേരി

'ഗുണാ പോലെയല്ല, ഈ സിനിമ മുഴുവന്‍ ഗുണാ കേവിലാണ്. അങ്ങനെ എല്ലാം നിയന്ത്രണത്തിലാക്കി ചെയ്യാനായി ഗുണാ കേവ് സെറ്റിടാം എന്ന് തീരുമാനിക്കുകയായിരുന്നു'

dot image

2024 ൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി. ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന സീന്‍ ഏറ്റവും പീക്കായിരുന്നു. ഗുണാ കേവ് ചിത്രത്തിനായി സെറ്റ് ഇടുകയായിരുന്നു. ബാസിയേയും കൊണ്ട് തറയില്‍ നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നതെന്നും പറയുകയാണ് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി.

'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട 'ബിഹൈന്റ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍' എന്ന വീഡിയോയിലാണ് ചിത്രത്തിലെ സുപ്രധാന ലൊക്കേഷനായ ഗുണാകേവിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി വിശദീകരിക്കുന്നത്. ഗുണാകേവ് സന്ദർശിക്കുന്നത് മുതൽ സെറ്റ് ഇടാം എന്ന് തീരുമാനിക്കുന്നതും സെറ്റ് നിർമിക്കുന്നതും സിനിമയുടെ ചിത്രീകരണവും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

'സിനിമയുടെ പ്രധാനപ്പെട്ട ലൊക്കേഷന്‍ കൊടൈക്കനാലാണ്. അവിടെ ഇഷ്ടംപോലെ തവണ പോയിട്ടുണ്ട്. ആത്മബന്ധമുള്ള സ്ഥലമാണ്. എന്നാല്‍ ഞാന്‍ ഗുണാ കേവ് കണ്ടിരുന്നില്ല. ആദ്യം ഗുണാ കേവ് കാണാമെന്ന് വിചാരിച്ച് ചെന്നപ്പോള്‍ അവിടെ അടച്ചിട്ടിരിക്കുകയാണ്. ഇറങ്ങാന്‍ പറ്റില്ല. എങ്ങനെയൊക്കെയോ ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ സമീപിച്ച് ചെറിയ അനുമതി കിട്ടി. ടൂറിസ്റ്റുകള്‍ വരുന്നതിന് മുമ്പായി അങ്ങനെ അവിടെ ഇറങ്ങി കാണാനുള്ള സൗകര്യമുണ്ടായി. ഞാന്‍, പ്രൊഡ്യൂസര്‍ ഷോണ്‍, ഷൈജു ഖാലിദ്, പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി എന്നിവര്‍ ഇറങ്ങി, അയാള്‍ വീണ കുഴി കണ്ടു. അവിടെ ആദ്യം തന്നെ എതിരേറ്റത് കുരങ്ങന്റെ തലയോട്ടിയാണ്. മരണമാണ് വെല്‍കം ചെയ്തത്. അവിടെത്തെ മണം അങ്ങനെയാണ്. കൊല്ലങ്ങളോളം സൂര്യവെളിച്ചമടിക്കാത്ത പാറകളും അതിന്റെ അകത്തുനിന്നുള്ള മണങ്ങളുമെല്ലാം കണ്ടപ്പോള്‍ തന്നെ അവിടെനിന്ന് ഷൂട്ട് ചെയ്യുക അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി.

സന്താനഭാരതിയാണ് ഗുണ സിനിമയുടെ സംവിധായകന്‍, വേണു സാറാണ് സിനിമാറ്റോഗ്രാഫര്‍. നമ്മുടെ ടെക്‌നോളജി ഇത്രയും വലുതായിട്ടും, ക്യാമറകള്‍ ചെറുതായി ഭാരം കുറഞ്ഞിട്ടും ലൈറ്റ് ചെറുതായിട്ടും ഇന്ന് അത് നേടിയെടുക്കാന്‍ എത്ര ബുദ്ധമുട്ടാണെന്ന് ആലോചിച്ചപ്പോള്‍ എനിക്ക് അവരോട് വലിയ ബഹുമാനം തോന്നി. ഗുണാ പോലെയല്ല, ഈ സിനിമ മുഴുവന്‍ ഗുണാ കേവിലാണ്. അങ്ങനെ എല്ലാം നിയന്ത്രണത്തിലാക്കി ചെയ്യാനായി ഗുണാ കേവ് സെറ്റിടാം എന്ന് തീരുമാനിക്കുകയായിരുന്നു', ചിദംബരം പറഞ്ഞു.

'കൊടൈക്കനാലിലെ പല സ്ഥലങ്ങളിലേയും പാറകള്‍ അവിടെനിന്ന് മോള്‍ഡ് ചെയ്ത് അത് ഇവിടെവെച്ച് കാസ്റ്റ് ചെയ്തു. ഗുണാ കേവ് വരെയുള്ള സ്ഥലം കൊടൈക്കനാലില്‍ ഷൂട്ട് ചെയ്ത്, ഗുഹയുടെ എന്‍ട്രി മുതലാണ് സെറ്റിട്ടത്. ഗുണാകേവിനകത്ത് താപനില തുലനപ്പെടുത്താന്‍ ഏസി ഫിറ്റ് ചെയ്തിട്ടുണ്ട്. കുറേ സ്ഥലത്ത് ഏസികള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഗുഹയിലേക്ക് വീഴുന്ന സ്ഥലം ചിത്രീകരിക്കാന്‍ ഫ്‌ളോറില്‍നിന്നും അമ്പതടി പൊക്കത്തിലുള്ള മൂന്ന് കിണറുപോലുള്ള വിടവുകളുണ്ടാക്കി. അത് ചേര്‍ത്ത് വെച്ചാല്‍ 150 അടി വരുന്ന കിണര്‍ ആകും. ഭാസിയേയുംകൊണ്ട് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നത്, വീഴുന്ന കുഴിയും കേവിൽ വച്ച് പിടിപ്പിച്ച ഒറിജിനൽ ചെടികളും എല്ലാം ചിത്രീകരണം തീരും വരെ അതുപോലെ സൂക്ഷിക്കുകയായായിരുന്നു', അജയൻ ചാലിശ്ശേരി വിവരിച്ചു.

Content Highlights:  Production designer Ajayan Chalissery describes the construction of Guna Cave

dot image
To advertise here,contact us
dot image