
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ദൃശ്യം 3 യുടെ മലയാളം പതിപ്പ് എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച് അപ്ഡേറ്റുകൾ ഒന്നും വന്നിട്ടില്ലെങ്കിലും ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നത്. ദൃശ്യം 2 ഹിന്ദി പതിപ്പ് സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാകും ഈ ചിത്രവും സംവിധാനം ചെയ്യുക. ഏതാനും വരങ്ങൾക്ക് മുമ്പ് സംവിധായകനും സംഘവും നടനുമായി ചർച്ചകൾ നടത്തിയെന്നും വീണ്ടും ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അജയ് ദേവ്ഗൺ സമ്മതം മൂളിയെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.
അജയ് ദേവ്ഗൺ ഇപ്പോൾ ദേ ദേ പ്യാർ ദേ 2, ധമാൽ 4, റേഞ്ചർ എന്നെ സിനിമകളുടെ പണിപ്പുരയിലാണ്. ഈ സിനിമകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നാണ് സൂചന.
2015 ലായിരുന്നു ദൃശ്യം ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. ആഗോളതലത്തിൽ 150 കോടിയോളം രൂപയാണ് സിനിമ നേടിയത്. നിഷികാന്ത് കാമത്തായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2022 ലായിരുന്നു ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം പതിപ്പ് ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീം ചെയ്യുകയായിരുന്നുവെങ്കിൽ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്ത് 300 കോടിയിലധികം രൂപ നേടി. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് പിന്നാലെ അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനാവുകയായിരുന്നു. അജയ് ദേവ്ഗണിന് പുറമെ തബു, ശ്രീയ ശരൺ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Reports that Drishyam 3 hindi will start from August 2025