
ഇല വീഴാ പൂഞ്ചിറ എൻ ചിത്രത്തിന് ശേഷം ഷാഹി കബീർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'റോന്ത്' എന്നാണ് ചിത്രത്തിന്റെ പേര്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോസഫ്, നായാട്ട്, ഇല വീഴാ പൂഞ്ചിറ, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകൾക്ക് ശേഷം ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവത്തിലൂടെയാണ് കഥ പറയുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ വി എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.
ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവൻ ആണ്. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ദീലീപ്നാഥ്, എഡിറ്റർ പ്രവീൺ മംഗലത്ത്, സൗണ്ട്മിക്സിങ് സിനോയ് ജോസഫ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
അതേസമയം ഷാഹി കബീർ തിരക്കഥ ഒരുക്കിയ പുതിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി.
Content Highlights: Shahi Kabeer new movie titled as Ronth