
തുടരും സിനിമയുടെ പ്രമോഷന്റെ ഭാഗമായി പുത്തന്‍ വഴിയില്‍ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മോഹന്‍ലാലിന്റെ ഷണ്‍മുഖത്തിനും ശോഭനയുടെ ലളിതയ്ക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് ഇവര്‍.
നിമിഷനേരം കൊണ്ട് തന്നെ നിരവധി പേരാണ് ഷണ്‍മുഖനെയും ലളിതയെയും ഫോളോ ചെയ്തിരിക്കുന്നത്. വിവിധ ഇന്‍സ്റ്റഗ്രാം പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന തുടരും സിനിമ സംബന്ധിച്ച കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ഈ അക്കൗണ്ടുകളുമായി കൊളാബ് ചെയ്തിട്ടുണ്ട്.
അഞ്ചോളം പോസ്റ്റുകളാണ് നിലവില്‍ ഇരു അക്കൗണ്ടിലുള്ളത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണ്‍മണിപൂവേ… എന്ന ഗാനത്തിലെ രംഗങ്ങളാണ് ഇതിലേറെയും. ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളും ഇന്‍സ്റ്റ സ്‌റ്റൈലില്‍ ഇരുവരുടെയും അക്കൗണ്ടുകളില്‍ കാണാം. സറ്റോറികളിട്ട് വന്‍ ആക്ടീവായാണ് 'ചേട്ടനും ചേച്ചിയും' മുന്നോട്ടുപോകുന്നത്.
തുടരും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഇന്‍സ്റ്റ അക്കൗണ്ടിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്. 'ചേട്ടന്‍ and ചേച്ചി Trending in instagram, ഷണ്മുഖനും ലളിതയും ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടേ' എന്നാണ് തരുണ്‍ ഇതിനൊപ്പം കുറിച്ചിരിക്കുന്നത്.
സിനിമയിലെ ആദ്യ ഗാനമായ 'കണ്മണി പൂവേ' കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എം ജി ശ്രീകുമാറാണ് ഗാനം പാടിയിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന
ചിത്രമാണിത്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Content Highlights: Thudarum movie team starts instagram acoount for Mohanlal and Shobhana's characters