
പി എസ് വിനോദ്‌രാജ് സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കൊട്ടുകാളി. ശിവകാർത്തികേയനായിരുന്നു സിനിമ നിർമിച്ചിരുന്നത്. കൊട്ടുകാളി എന്ന സിനിമ നിർമിച്ചതിലൂടെ താൻ സമ്പാദിച്ചത് കമൽ ഹാസന്റെ സ്നേഹമാണെന്ന് പറയുകയാണ് നടനിപ്പോൾ. സിനിമയെക്കുറിച്ച് 3 പേജുള്ള ഒരു കത്ത് കമൽ ഹാസൻ സാർ അയച്ചു തന്നിരുന്നു. വലിയ അംഗീകാരമായിട്ടാണ് അതിനെ കാണുന്നത്. കമൽ ഹാസൻ അവതരിപ്പിച്ച സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അമരൻ സിനിമയുടെ നൂറാം ദിന ആഘോഷത്തിൽ ശിവകാർത്തികേയൻ പറഞ്ഞു.
'ഇൻഡസ്‌ട്രിയിലുള്ള ആളുകളും സുഹൃത്തുക്കളും ഈ അടുത്ത കാലത്ത് എന്നോട് നിരന്തരം ചോദിച്ച ചോദ്യങ്ങളിൽ ഒന്നാണ് എന്തുകൊണ്ട് 'കൊട്ടുകാളി' സിനിമ നിർമിച്ചു എന്നത്. അതിൽ നിന്ന് നീ എന്താണ് സമ്പാദിച്ചത് എന്നാണ് അവർ ചോദിച്ചത്. കമൽ സാറിന്റെ സ്നേഹം എനിക്ക് കിട്ടി എന്നതാണ് ഈ വേദിയിൽ എനിക്ക് പറയാനുള്ളത്. കമൽ സാറിന് ഒരു സിനിമ ഇഷ്ടമാവുക നിസ്സാര കാര്യമല്ല. സിനിമയെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് 3 പേജുള്ള ഒരു കത്ത് അദ്ദേഹത്തിന്റേതായി എനിക്ക് ലഭിച്ചിരുന്നു. അതെനിക്ക് ലഭിച്ച വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നതെ'ന്നും ശിവകാർത്തികേയൻ പറഞ്ഞു.
A moment to cherish for our team #Kottukkaali. Appreciation from the pioneer of Indian cinema, our Ulaganayagan @ikamalhaasan Sir.
— Sivakarthikeyan (@Siva_Kartikeyan) August 21, 2024
This letter is a treasure.
Thank you so much Sir. 🙏🙏❤️❤️ pic.twitter.com/uoCNkTYA1C
'അമരൻ എന്ന സിനിമ തുടങ്ങുന്നതിന് മുൻപ് കമൽ ഹസൻ സാറിനെ എനിക്ക് നേരിൽ പരിചയമുണ്ടായിരുന്നില്ല. എന്നാൽ സിനിമ ചെയ്യുന്നതിനിടയിൽ അതിന് സമയമുണ്ടായി. കമൽ സാർ എങ്ങനെയുള്ള ഒരു നടനാണ് എന്നത് ഞാൻ പറയാതെ തന്നെ ലോകത്തിന് അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ സിനിമകളെ കൃത്യമായി മനസ്സിലാക്കാൻ തന്നെ എനിക്ക് ഇത്രയധികം കാലമെടുത്തു. കമൽ ഹസൻ അവതരിപ്പിക്കുന്ന സിനിമയിൽ എന്റെ പേര് കൂടെ വന്നത് അഭിമാനം തോന്നുന്ന കാര്യമാണ്,' ശിവകാർത്തികേയൻ പറഞ്ഞു.
അന്നാ ബെൻ നായികയാകുന്ന ആദ്യ തമിഴ് ചിത്രമാണ് കൊട്ടുകാളി. നിരവധി ചലച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായം ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിലെ അന്നയുടെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. സംഗീതമോ, പശ്ചാത്തല സംഗീതമോ ഇല്ലാതെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്തത്.
Content Highlights: Sivakarthikeyan says that he won the love of Kamal Haasan by making Kottukali movie