
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിന്‍റെ ചിത്രം എമ്പുരാനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പ്രശസ്ത ഇംഗ്ലീഷ് താരം ജെറോം ഫ്ലിന്നിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബോറിസ് ഒലിവർ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിക്കുന്നത്.
എമ്പുരാൻ എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ജെറോം ഫ്ലിൻ പറഞ്ഞു. ഈ കഥാപാത്രത്തിലേക്ക് എങ്ങനെ എത്തി എന്നത് എനിക്ക് കൃത്യമായി ഓര്‍മയില്ലെങ്കിലും
എത്തിയതിൽ ഏറെ സന്തോഷമുണ്ട്. ഇത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട കഥാപാത്രമാണ് താൻ അവതരിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിലെ ബ്രോൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജെറോം ഫ്ലിൻ.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ എത്തും. എമ്പുരാൻ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Jerome Flynn plays a major role in Empuraan