
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ആളാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായുള്ള രണ്ട് ഹിറ്റ് സിനിമകളിലൂടെ പ്രദീപ് തമിഴിലെ വിലയേറിയ താരമായി മാറിക്കഴിഞ്ഞു. നടന്റേതായി ഇപ്പോൾ പുറത്തിറങ്ങിയ ഡ്രാഗൺ ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് നടത്തുന്നത്. തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്. ഇപ്പോഴിതാ ഏവരെയും ആവേശത്തിലാഴ്ത്തുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രദീപ്.
ബോളിവുഡ് താരം ആമിർ ഖാനോടൊപ്പമുള്ള ചിത്രമാണ് പ്രദീപ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ജീവിതം എപ്പോഴും പ്രവചനാതീതമാണ്. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി ആമിർ ഖാൻ സാർ. ജീവിതകാലം മുഴുവൻ ഞാൻ അതിനെ വിലമതിക്കും', എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ആമിർ ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നേരത്തെ പ്രദീപിന്റെ ആദ്യ സിനിമയായ ലവ് ടുഡേ ആമിറിന്റെ മകൻ ജുനൈദ് ഖാൻ നായകനായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. തമിഴിൽ പ്രദീപ് അവതരിപ്പിച്ച നായകവേഷത്തെയാണ് ജുനൈദ് ഹിന്ദിയിൽ അവതരിപ്പിച്ചത്.
Life is unpredictable as i always say :) Thankyou for your wonderful words #aamirkhan sir . Will cherish it for life ❤️ pic.twitter.com/HPjpJLvDN2
— Pradeep Ranganathan (@pradeeponelife) February 23, 2025
അതേസമയം, റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 14.75 കോടി രൂപയാണ് ഡ്രാഗൺ നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ ആറ് കോടിയായിരുന്നെങ്കിൽ അടുത്ത ദിവസം 8 . 75 കോടിയാണ് സിനിമയുടെ കളക്ഷൻ. ഫെബ്രുവരി 21 ന് പ്രദർശനത്തിന് എത്തിയ സിനിമയിൽ അനുപമ പരമേശ്വരനാണ് നായിക. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ.
ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നടീ കോപം എന്ന ചിത്രവുമായി ക്ലാഷ് വച്ചാണ് ഡ്രാഗണ്‍ എത്തിയതെങ്കിലും ഇതിനേക്കാള്‍ മികച്ച പ്രകടനം ബോക്സോഫീസില്‍ ചിത്രം നേടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചിത്രം 100 കോടി അടിക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ കണക്കുകൂട്ടുന്നുണ്ട്. കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്.
Content Highlights: Pradeep Ranganadhan shares pic with Aamir Khan