
അമീർ സുല്‍ത്താന്റെ സംവിധാനത്തില്‍ കാർത്തി, പ്രിയാമണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു പരുത്തിവീരൻ. ചിത്രത്തില്‍ മുത്തഴകി എന്ന കഥാപാത്രമായാണ് പ്രിയാമണി എത്തിയത്. പരുത്തിവീരൻ ചിത്രീകരണ സമയത്ത് കാർത്തിയും അച്ഛനും തന്നെ അടിക്കുന്ന സീനില്‍ ശരിക്കും തനിക്ക് അടികൊണ്ടിരുന്നുവെന്ന് ഓർത്തെടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രിയാമണി. അടി കൊണ്ട് വീഴുന്ന ചെളി നിറഞ്ഞ കുഴി ആ സീനിന് വേണ്ടി ഉണ്ടാക്കിയതാണെന്നും ഏഴ് ദിവസത്തോളം കെട്ടി നിർത്തിയ അഴുക്ക് വെള്ളത്തില്‍ ആയിരുന്നു ആ സീൻ ഷൂട്ട് ചെയ്തതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. ഓഫീസർ ഓൺ ഡ്യൂട്ടി ചിത്രത്തിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘പരുത്തിവീരനിലെ എല്ലാ സീനുകളും വളരെ റോ ആണ്. ആ സിനിമയിലെ എനിക്ക് അടി കിട്ടുന്ന സീനുണ്ട് അത് ശരിക്കും അടിച്ചതാണ്. പിന്നെ അച്ഛൻ വന്ന് അടിക്കുന്ന സീൻ അതും ശരിക്കും അടിച്ചതാണ്. ചെളിയില്‍ വീഴുന്ന സീനും അങ്ങനെ തന്നെയായിരുന്നു. ഞാൻ ചെളിയില്‍ വീണ ആ ലൊക്കേഷനില്‍ ഞങ്ങള്‍ കാർത്തിയുടെ കുറേ സീൻസ് ഷൂട്ട് ചെയ്തിരുന്നു. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. പക്ഷേ ഞാൻ സെറ്റില്‍ ഉണ്ടായിരുന്നു.
അന്ന് അമീർ സാറിന് പെട്ടെന്ന് ഒരു സീൻ എടുക്കണം എന്ന് വല്ലതും തോന്നിയാലോ എന്നു കരുതി ഞങ്ങള്‍ ആർട്ടിസ്റ്റുകള്‍ എല്ലാവരും ഇരുപത്തിനാല് മണിക്കൂറും സെറ്റിലുണ്ടാവാറുണ്ടായിരുന്നു. പെട്ടെന്ന് ആ ലൊക്കേഷൻ കണ്ടിട്ട് അമീർ സാർ പറഞ്ഞു, ഇവിടെ ഒരു കുഴി എടുക്കൂ, എന്നിട്ട് വെള്ളമൊഴിച്ച് തയ്യാറാക്കി വയ്ക്കൂ എന്ന്. അത് ചെയ്ത് കഴിഞ്ഞപ്പോള്‍ ഷൂട്ട് ചെയ്യാം എന്നു പറഞ്ഞ് ഏഴ് ദിവസത്തോളം ആ വെള്ളം അങ്ങനെ തന്നെ നിർത്തി.
എട്ടാം ദിവസം വന്ന് വെള്ളം മാറ്റി ഒഴിക്കണോ എന്ന് ചോദിക്കുമ്പോഴാണ് വേണ്ട എനിക്ക് ഇങ്ങനെ തന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞത്. അപ്പോഴേക്കും അതിലെ വെള്ളത്തില്‍ മുഴുവൻ ചെളിയും അഴുക്കും നിറഞ്ഞിരുന്നു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ഇതാണ് സീൻ, പ്രിയ ആ വെള്ളത്തില്‍ വീഴണം എന്ന്. ആ സിനിമയില്‍ എനിക്ക് ആകെ രണ്ട് കോസ്റ്റ്യൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്യൂപ്പ് ഇല്ല, ഞാൻ തന്നെ ചെയ്യണം. അന്ന് കാരവാൻ ഇല്ല. ഈ കോസ്റ്റ്യൂം പോയാല്‍ ഏതോ ഒരു വീട്ടില്‍ പോയിട്ട് വസ്ത്രം മാറി വീണ്ടും ഷൂട്ട് ചെയ്യണം. ആ സീനിന് വേണ്ടി ഞാൻ രണ്ട് തവണ വീണു എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ചെളിയില്‍ വീണപ്പോള്‍ ഇട്ടിരുന്ന ഡ്രസ്സ് ഏഴ് ദിവസത്തോളം കഴുകാതെ വെച്ചാണ് പിന്നീട് ഷൂട്ട് ചെയ്തത്,' പ്രിയാമണി പറഞ്ഞു.
അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഷാഹി കബീറിന്റെ രചനയില്‍ ഒരുങ്ങിയ ചിത്രം ഫെബ്രുവരി 20നാണ് തിയേറ്ററുകളിലെത്തിയത്. പ്രിയാമണിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Content Highlights: Priyamani said that she got hit in Paruthi Veeran movie