പല കാരണങ്ങളാൽ വിജയാഘോഷം നീണ്ടുപോയി, 'മഞ്ഞുമ്മൽ ബോയ്സ്' സന്തോഷവും സങ്കടവും തന്ന ചിത്രം: സൗബിൻ ഷാഹിർ

'ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലതും ചീത്തയുമായ കാര്യങ്ങൾ ഈ സിനിമ സമ്മാനിച്ചിട്ടുണ്ട്.'

dot image

2024 ൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായിരുന്നു. റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ സിനിമയുടെ വിജയം ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ. ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലതും ചീത്തയുമായ ഓർമകൾ ഈ സിനിമ സമ്മാനിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ സൗബിൻ കഴിഞ്ഞ ദിനം ചിത്രത്തിന്റെ വിജയാഘോഷവേളയിൽ പറഞ്ഞു.

'എന്താണ് പറയേണ്ടത് എന്ന അറിയില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി 22 ന് പടം ഇറങ്ങി. ഇപ്പോൾ ഒരു വർഷവുമായി. വിജയാഘോഷം ഇതിന് മുൻപ് ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കുറേ കാര്യങ്ങൾ കൊണ്ട് അത് നീണ്ടു നീണ്ടു പോയി. വലിയൊരു പരിപാടി നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദിയുണ്ട്. സന്തോഷവും സങ്കടവും നിറച്ചു തന്ന ഒരു ചിത്രം കൂടിയാണ് എനിക്ക് മഞ്ഞുമ്മൽ ബോയ്സ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലതും ചീത്തയുമായ കാര്യങ്ങൾ ഈ സിനിമ സമ്മാനിച്ചിട്ടുണ്ട്. എന്ത് ചെയ്താലും അതിന്റെ നന്മ ഉണ്ടാവും എന്ന് പറയുന്നത് പോലെയാണ് മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലെ ഏറ്റവും നല്ല ചിത്രമായി ഇപ്പോഴും നിൽക്കുന്നത്. വലിയ സന്തോഷം. എല്ലാത്തിനും മുകളിൽ ആ സന്തോഷത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്,' സൗബിൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 22 നാണ് മഞ്ഞുമ്മൽ ബോയ്‌സ് തിയേറ്ററുകളിലെത്തിയത്. ഇരുന്നൂറ് കോടിയും കടന്ന് ചിത്രം മലയാളത്തിന്റെ സീൻ മാറ്റിയിരുന്നു. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

Content Highlights: Soubin says on the success of Manjummal Boys

dot image
To advertise here,contact us
dot image