
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കേരളത്തിൽ സംഘടനകൾ തമ്മിൽ തർക്കം മുറുകുമ്പോൾ സിനിമ വിജയിച്ചാൽ മാത്രമേ പ്രതിഫലം കൈപ്പറ്റുകയുള്ളൂ എന്ന ബോളിവുഡ് നടൻ ആമിർ ഖാഖാന്റെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. 200 കോടി രൂപ മുടക്കി സിനിമ എടുക്കുമ്പോൾ അതിൽ വലിയൊരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലം ആയിരിക്കും. സിനിമ പരാജയപ്പെട്ടാൽ ചെലവ് തിരിച്ചു പിടിക്കാനാവില്ല അതുകൊണ്ട് തന്നെ തനിക് സിനിമയിൽ ഫിക്സഡ് നിരക്കില്ലെന്നുമാണ് ആമിർ ഖാൻ പറഞ്ഞത്. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലായിരുന്നു ആമിറിൻ്റെ പ്രതികരണം.
ഒരു സിനിമയുടെ അടിസ്ഥാന ചെലവുകള്‍ മറികടക്കാന്‍ 20-30 കോടി രൂപ നേടണം. 200 കോടി രൂപയാണ് സിനിമയുടെ ചെലവെങ്കില്‍ അതില്‍ വലിയൊരു ഭാഗം താരങ്ങളുടെ പ്രതിഫലമാകും. സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ ചെലവ് എങ്ങനെ തിരിച്ചുപിടിക്കും?
ഞാൻ ചെയ്യുന്ന സിനിമകൾക്ക് ഫിക്സഡ് നിരക്കില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇതാണ് രീതി. സിനിമ നന്നായാല്‍ അതില്‍ നിന്ന് എനിക്കും പണം ലഭിക്കും. അല്ലെങ്കില്‍ എനിക്കും വരുമാനമില്ല. പെര്‍ഫോമന്‍സിന് അനുസരിച്ച് സമ്പാദിക്കുന്നതിനുള്ള ഏറ്റവും പഴയ സമ്പ്രദായങ്ങളിലൊന്നാണിത്. യൂറോപ്പിൽ ഇന്നും ഈ രീതി വ്യാപകമായി പിന്തുടരുന്നുണ്ട്,' ആമിർ ഖാൻ പറഞ്ഞു.
അതേസമയം 'താരേ സമീൻ പർ' എന്ന ഏറെ ശ്രദ്ധേയമായ സിനിമയുടെ തുടർച്ചയായ 'സിത്താരെ സമീൻ പർ' എന്ന ചിത്രത്തിലാണ് ആമിർ ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തില്‍ ആമിർ ഖാൻ ദർശീൽ സഫാരിയുമായി വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകളിലാണ്. ഈ വർഷത്തിന്റെ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Aamir Khan says that if the film does not succeed, he will not take the revenue