
ബാലതാരമായും ഡാൻസർ ആയും മലയാളികൾക്ക് സുപരിചിതനായ നടനാണ് റംസാൻ. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രമാണ് റംസാന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമ നേടുന്നത്. റംസാന്റെ കരിയറിലെ ആദ്യ നായക വേഷമായിരുന്നു 2017 ൽ പുറത്തിറങ്ങിയ 'ഡാൻസ് ഡാൻസ്' എന്ന ചിത്രം. സോഷ്യൽ മീഡിയയിൽ ഇപ്പോഴും സിനിമ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച് ഒരു ഐഡിയയും ഇല്ലാത്ത സമയത്ത് വന്ന ചിത്രമായിരുന്നു അതെന്നും ഇപ്പോഴും ആ സിനിമയുടെ ട്രോളുകൾ കാണാറുണ്ടെന്നും കൂട്ടുകാർ ടിവിയിൽ ഇട്ട് തന്നെ കളിയാക്കിയിട്ടുണ്ടെന്നും പറയുകയാണ് റംസാൻ. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഡാൻസ് ഡാൻസ് എന്ന സിനിമയിലെ ട്രോളും നെഗറ്റീവ് കമ്മന്റ്സ് ഒന്നും എന്നെ ബാധിച്ചിട്ടില്ല. റിയാലിറ്റി ഷോ ചെയ്ത സമയത് പോലും എനിക്ക് ഒരുപാട് നെഗറ്റീവ് കമ്മന്റ്സ് ഉണ്ടായിരുന്നു. ഡാൻസ് ഡാൻസ് എന്ന സിനിമയുടെ ട്രോൾ വന്നപ്പോൾ എന്നെ സങ്കടപ്പെടുത്തിയിട്ടില്ല. കൂട്ടുകാരുടെ കൂടെ ഇരിയ്കുമ്പോൾ അവർ കളിയാക്കും ടി വി യിൽ ഇട്ട് എല്ലാവരും ഇരുന്ന് കളിയാക്കും, ഇതൊക്കെയാണ് പരിപാടി. സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച വലിയ ഐഡിയ ഉണ്ടായിരുന്നില്ല. ചിലപ്പോൾ ഒരു ഗോഡ് ഫാദർ ഇല്ലാത്തതുകൊണ്ടാവാം.
ആരും ഇങ്ങോട്ട് വിളിച്ച് നീ സിനിമയിൽ അഭിനയ്ക്ക് എന്നൊന്നും എന്നോട് പറഞ്ഞിട്ടും ഇല്ല. ആ സമയത്ത് പലർക്കും കൈ കൊടുക്കേണ്ടി വരും. അതുപോലെ കൈ കൊടുത്തതാണ്. പക്ഷേ പിന്നീട് പഠിച്ചു. ഇന്ന് പോലും ആ സിനിമയുടെ ട്രോൾ വന്നിരുന്നു. ആ വീഡിയോയുടെ കമ്മന്റ്സ് വായിക്കാറുണ്ട് ഞാൻ. ഇതൊക്കെ വേണം. ഇപ്പോഴുള്ള പരിപാടി ഡാൻസിൽ നിന്ന് മാറി ഇവന് അഭിനയിക്കാനും അറിയാം എന്ന് ബോധ്യപ്പെടുത്തുന്നതാണ്. എന്റെ ആഗ്രഹമാണ് സിനിമാ ഇൻഡസ്ട്രി,' റംസാൻ പറഞ്ഞു.
അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. ഗ്രേ ഷെയ്ഡ് കഥാപാത്രത്തെയാണ് ചിത്രത്തിൽ റംസാൻ അവതരിപ്പിക്കുന്നത്.
Content Highlights: Ramzan reacts to the trolls of Dance Dance movie