
അജിത് എന്ന താരത്തിന് തമിഴ്നാട്ടിലുള്ള സ്വീകാര്യത വളരെ വലുതാണ്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുന്ന താരത്തിന്റെ സിനിമ പോലും വമ്പൻ കളക്ഷൻ നേടിയാണ് എപ്പോഴും തിയേറ്റർ വിടുന്നത്. ഇപ്പോഴിതാ അജിത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സിനിട്രാക്ക് എന്ന വെബ്സൈറ്റ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അജിത് ചെയ്തത് ഒൻപത് സിനിമകളാണ്. ഈ ഒൻപത് സിനിമകളും ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 1167 കോടിയെന്നാണ് സിനിട്രാക്ക് പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഓരോ സിനിമ കഴിയുംതോറും താരത്തിന്റെ ബോക്സ് ഓഫീസ് പവർ കൃത്യമായി കൂടുന്നെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അജിത് സിനിമ. 194 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ഏഴ് നൂറ് കോടി സിനിമകളാണ് അജിത്തിന്റേതായി ഉള്ളത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത വേതാളം ആണ് അജിത്തിന്റെ ആദ്യ 100 കോടി സിനിമ. മികച്ച പ്രതികരണം സ്വന്തമാക്കിയ സിനിമ 119 കോടിയാണ് നേടിയത്. തുടർന്നെത്തിയ വിവേകം, വിശ്വാസം, നേർക്കൊണ്ട പാർവൈ, വലിമൈ, തുനിവ്, വിടാമുയർച്ചി തുടങ്ങിയ സിനിമകളെല്ലാം 100 കോടി കടന്നവയാണ്.
Exclusive Box-office Graph of Actor Ajith: It has been a mixed journey for 'Thala' amidst the big potential he posess in his home turf Tamil Nadu. But the outside numbers have been stagnant limiting him under ₹200 crore Global gross.
— Cinetrak (@Cinetrak) February 23, 2025
Cumulative box-office: ₹1167 crore (since… pic.twitter.com/OgATEcmOls
മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി ആണ് അജിത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. 135 കോടി ആഗോള തലത്തിൽ നിന്നും നേടിയെങ്കിലും ഹിറ്റ് സ്റ്റാറ്റസ് നേടാൻ സിനിമയ്ക്ക് അത് മതിയായിരുന്നില്ല. സിനിമയുടെ ബഡ്ജറ്റ് 200 കോടിക്കും മുകളിലായിരുന്നു. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ച ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്.
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയാണ് ഇനി പുറത്തിറങ്ങാനുള്ള അജിത് സിനിമ. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: last 10 year collection report of Ajithkumar