
കൊച്ചി: നിർമാതാക്കളുടെ സംഘടനയ്ക്കുള്ളിലെ തർക്കം ചർച്ച ചെയ്യാൻ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. യോഗത്തിൽ ആന്റണി പെരുമ്പാവൂരുമായുള്ള തർക്കം ചർച്ചയാക്കുകയും വിശദീകരണം ചോദിക്കുന്നതിൽ തീരുമാനം എടുക്കുകയും ചെയ്യും. ജൂൺ ഒന്നിലെ സമരവുമായി മുന്നോട്ടുപോകണോ എന്നും യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ പങ്കെടുക്കും. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഫിലിം ചേമ്പറിന്റെ യോഗവും ഇന്ന് ചേരും. സിനിമാ സമരത്തിന് പിന്തുണ തേടിയുള്ള നിർമാതാക്കളുടെ സംഘടനയുടെ കത്ത് യോഗത്തിൽ ചർച്ചയാകും. അതേസമയം സിനിമാ നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകർ പ്രമേയം അവതരിപ്പിച്ചു. ഡയറക്ടേഴ്സ് യൂണിയൻ വാർഷിക പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്.
ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന ഫെഫ്കയുടെ നിലപാടിന് പ്രസക്തിയുണ്ടെന്നും മലയാള ചലച്ചിത്രമേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്നും സംവിധായകർ പറഞ്ഞു. അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷമപ്രശ്നവും നിലവിലില്ലെന്നും പ്രമേയത്തിൽ പറഞ്ഞു. സംവിധായകൻ ബ്ലെസി ആണ് പ്രമേയം അവതരിപ്പിച്ചത്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിർമാതാക്കൾ നടത്തിയ പ്രസ് മീറ്റിൽ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ജൂൺ ഒന്ന് മുതൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിനെതിരെ പ്രതികരണവുമായി ആന്റണി പെരുമ്പാവൂർ എത്തിയിരുന്നു.
തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ഇതേ തുടർന്ന് ആന്റണിക്ക് പിന്തുണയുമായി പൃഥ്വിരാജ്, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ലിബർട്ടി ബഷീർ തുടങ്ങിയവർ എത്തിയിരുന്നു. എന്നാൽ ജൂൺ ഒന്ന് മുതൽ സമരം ചെയ്യും എന്നല്ല, ചർച്ചകൾ ഫലം ചെയ്തില്ലെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് പോകുമെന്നാണ് ഉദ്ദേശിച്ചതെന്ന് സംഘടനയുടെ ഭാരവാഹികളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കിയിരുന്നു.
Content Highlights: The executive meeting of the Producers Association will be held today to discuss the dispute