
അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക. രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റ് ഏറെ ചർച്ചയാവുകയാണ്.
സ്പിരിറ്റിന്‍റെ ഷൂട്ടിംഗിന് മുന്നോടിയായി സന്ദീപ് റെഡ്ഡി വംഗ പ്രഭാസിനോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തിയെന്നാണ് എം 9 റിപ്പോർട്ട് ചെയ്യുന്നത്. സ്പിരിറ്റിന്‍റെ ചിത്രീകരണ വേളയിൽ മറ്റൊരു പ്രോജക്ടും ഏറ്റെടുക്കരുതെന്നാണ് സന്ദീപ് റെഡ്ഡി പ്രഭാസിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ചിത്രത്തിനായി ഒരു വലിയ കോൾഷീറ്റ് നൽകണമെന്നും സംവിധായകൻ നടനെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രഭാസിന്റെ ലുക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന കാരണത്താലാണ് സംവിധായകൻ ഇത്തരമൊരു ആലോചനയിലേക്ക് എത്തിയത് എന്നാണ് സൂചന.
ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 മെയിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ നടക്കുക. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ പദ്ധതി. വമ്പൻ താരനിരയാണ് സിനിമയിലുള്ളത്. സിനിമയിൽ പ്രഭാസിനൊപ്പം മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്ന റിപ്പോർട്ടുകളുണ്ട്.
അതേസമയം, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. 2024 ജൂണ്‍ 27-ന് തിയറ്ററിൽ എത്തിയ ചിത്രം 1000 കോടിയും കടന്നാണ് തിയേറ്റർ വിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
Content Highlights: Sandeep Reddy Vanga makes a request to Prabhas ahead of starting the shooting of Spirit