
അഭിനേതാക്കൾ സിനിമകൾ നിർമ്മിക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. താൻ സിനിമകൾ നിർമിക്കുന്ന വ്യക്തിയാണ്. നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് താൻ നിർമാതാവായത്. അതിലെ ലാഭ-നഷ്ടങ്ങൾ മറ്റാരോടും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഒരു നടനോട് സിനിമ നിർമിക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല എന്ന് ഉണ്ണി പറഞ്ഞു. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
'ഒരു നിർമാതാവ് എന്ന നിലയിൽ നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ് ഞാൻ. എന്റെ പൈസ, എന്റെ ഇഷ്ടത്തിന് സിനിമ എടുക്കണം എന്നാണ് എന്റെ ആഗ്രഹം. അത് എന്റെ അവകാശവുമാണ്. ആ പൈസ കൊണ്ട് ഞാൻ എന്ത് ചെയ്താലും അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എന്റെ നഷ്ടവും ലാഭവും ആരോടും ചർച്ച ചെയ്യാൻ താത്പര്യമില്ല. ഒരു നടനോട് സിനിമ നിർമിക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല. ഇതിന് നിയമങ്ങൾ ഒന്നുമില്ല. ഇൻഡസ്ട്രിയിൽ ആര് സിനിമ ചെയ്യണം എന്ന് എവിടെയും പറഞ്ഞിട്ടില്ല,' എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
താരങ്ങളുടെ അമിത പ്രതിഫലത്തെക്കുറിച്ച് നിർമാതാക്കൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചോദ്യം വന്നപ്പോൾ താന്‍ അധികം പ്രതിഫലം വാങ്ങാറില്ല എന്നായിരുന്നു നടന്റെ മറുപടി. അഞ്ച് വർഷത്തോളമായി സ്വന്തം നിർമാണ കമ്പനിയിലാണ് തൻ സിനിമകൾ ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
Content Highlights: Unni Mukundan says that nobody has the right to tell an actor not to produce films