
വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന നടന്മാരാണ് ധ്യാൻ ശ്രീനിവാസനും നീരജ് മാധവും. ഇവരുടെ സിനിമകൾ എന്ന പോലെ അഭിമുഖങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. രസകരമായ നിമിഷങ്ങളിലൂടെയും പരസ്പരമുള്ള ട്രോളുകളിലൂടെയും ഇവരുടെ അഭിമുഖങ്ങൾ എല്ലാവരെയും രസിപ്പിക്കാറുമുണ്ട്. ഇപ്പോൾ ധ്യാനും നീരജും തമ്മിൽ ട്രോൾ ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
നീരജ് മാധവും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തുന്ന 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' എന്ന സീരീസിന്റെ പ്രമോഷൻ പരിപാടിയിലാണ് ധ്യാനും നീരജും പരസ്പരം ട്രോളിയത്. അവതാരകനായെത്തിയ ധ്യാൻ 'പ്രമോഷൻസിന് വരാൻ ഏറ്റവും മടിയുള്ളത് ആർക്ക്?' എന്ന് ചോദിച്ചപ്പോൾ തനിക്ക് ആണെന്ന് നീരജ് സമ്മതിച്ചു. അതെന്തുകൊണ്ടാണ് മടി എന്ന ധ്യാനിന്റെ ചോദ്യത്തിന് 'നിന്നെ പോലെ ഇങ്ങനെ പറയാനുള്ള കഴിവില്ലല്ലോ' എന്നായിരുന്നു നീരജിന്റ രസകരമായ മറുപടി.
'സൗഹൃദവലയത്തിൽ ഉള്ളവർക്കൊപ്പം ഇന്റർവ്യൂസ് നൽകാൻ കുഴപ്പമില്ല. അല്ലാത്തപക്ഷം അത് അത്ര രസമുള്ള പരിപാടിയല്ല. അതുകൊണ്ട് ഞാൻ ഇന്റർവ്യൂ കൊടുക്കാറില്ല' എന്ന് നീരജ് പറഞ്ഞയുടൻ 'അതുകൊണ്ട് സിനിമയുമില്ല' എന്ന് ധ്യാൻ ട്രോളി. 'നിന്നെ പോലെ എല്ലാവരും ഇന്റർവ്യൂ കാരണമല്ല സിനിമയിലേക്ക് വിളിക്കുന്നത്, അഭിനയിക്കാനുള്ള കഴിവ് കൊണ്ടും സിനിമ കിട്ടും' എന്ന് നീരജ് തിരിച്ചും തഗ് മറുപടി കൊടുത്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
— നെട്ടൂരാൻ (@TheNettooran) February 25, 2025
അതേസമയം ഫെബ്രുവരി 28 ന് ഹോട്ട്സ്റ്റാറിലൂടെ ലവ് അണ്ടർ കൺസ്ട്രക്ഷൻ സ്ട്രീമിങ് ആരംഭിക്കും. ഗൗരി ജി കിഷൻ, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിരീസിന്‍റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, 1000 ബേബീസ്, നാഗേന്ദ്രൻസ് ഹണിമൂൺ, മാസ്റ്റർപീസ് എന്നീ സീരീസുകൾക്ക് ശേഷം ഹോട്ട്സ്റ്റാറിൻ്റേതായി പുറത്തിറങ്ങുന്ന മലയാളം സീരീസ് ആണിത്.
Content Highlights: Dhyan Sreenivasan and Neeraj Madhav troll video viral