
ജുനൈദ് ഖാൻ, ഖുഷി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത സിനിമയാണ് 'ലവ്യാപാ'. തമിഴ് ചിത്രമായ 'ലവ് ടുഡേ'യുടെ റീമേക്ക് ആയി എത്തിയ സിനിമയ്ക്ക് മോശം പ്രതികരണമായിരുന്നു ലഭിച്ചത്. തിയേറ്ററിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജുനൈദിന്റെ അച്ഛനും നടനുമായ ആമിർ ഖാൻ.
നല്ല സിനിമയായിരുന്നിട്ടും ചിത്രം പരാജയപ്പെട്ടതിൽ തനിക്ക് സങ്കടമുണ്ടെന്ന് ആമിർ ഖാൻ പറഞ്ഞു. 'ലവ്യാപാ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ എനിക്ക് അതിയായ ദുഖമുണ്ട്. ആ സിനിമ വളരെ നന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ചിത്രത്തിലെ ജുനൈദും നന്നായി പെർഫോം ചെയ്തിരുന്നു', ആമിർ ഖാൻ പറഞ്ഞു. എബിപി ലൈവിനോടായിരുന്നു ആമിർ ഖാൻ ഇക്കാര്യം പറഞ്ഞത്. തിയേറ്ററിൽ നിന്നും 12 കോടി മാത്രമാണ് ലവ്യാപായ്ക്ക് നേടാനായത്.
പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത് നായകനായി എത്തിയ സിനിമയായിരുന്നു ലവ് ടുഡേ. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ലവ് ടുഡേയുടെ നിർമാതാക്കളായ എജിഎസ് എന്റർടൈയ്ൻമെൻ്റ്സ് ആണ് ഹിന്ദി റീമേക്കും നിർമിച്ചത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ലവ് യാപാ ഫെബ്രുവരി 7 നാണ് തിയേറ്ററിലെത്തിയത്. ലാൽ സിംഗ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയ്ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്യാപാ. അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫാന്റം പിക്ചേഴ്സും സിനിമയുടെ നിർമാതാക്കളാണ്.
Content Highlights: The failure of Loveyappa made me sad says Aamir Khan