
മികച്ച തിരക്കഥയുടെയും ഗംഭീര വിഷ്വലുകളുടെയും പിൻബലത്തോടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി. തന്റെ സംവിധാന മികവിലൂടെ പ്രേക്ഷകരുടെ സ്നേഹം വളരെപ്പെട്ടെന്ന് പിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ അടുത്ത സിനിമയാണ് 'ലവ് ആൻഡ് വാർ' രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ വലിയ ബഡ്ജറ്റിൽ ഒരു റൊമാന്റിക് ഡ്രാമ സിനിമയായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിൽ സഞ്ജയ് ലീല ബൻസാലിക്കൊപ്പം അഭിനേതാക്കൾ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
നടൻ വിക്കി കൗശൽ, രൺബീർ കപൂർ, ആലിയ ഭട്ട്, സംവിധായകൻ സഞ്ജയ് ലീല ബൻസാലി എന്നിവരാണ് ചിത്രത്തിലുള്ളത്. ബൻസാലിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനോടൊപ്പം വിക്കി കൗശലിന്റെ ഏറ്റവും പുതിയ സിനിമയായ ഛാവയുടെ വിജയവും അവർ ആഘോഷിച്ചു. 'ഞങ്ങളുടെ സംവിധായകനെ ആഘോഷിക്കാൻ നൈറ്റ് ഷൂട്ടുകളിൽ നിന്ന് പെട്ടെന്നുള്ള ഇടവേള. ഛാവയിലൂടെ ബോക്സ് ഓഫീസ് തകർത്ത വിക്കിയ്ക്ക് ഒരുപാട് കൈയടി', ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ.
2026 മാർച്ച് 20 ന് ലവ് ആൻഡ് വാർ തിയേറ്ററിൽ എത്തും. 'ഗംഗുഭായ് കത്തിയവാടി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആലിയ ഭട്ട് - ബൻസാലി കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന വിശേഷതയും 'ലവ് ആൻഡ് വാറി'നുണ്ട്. ആദ്യമായിട്ടാണ് വിക്കി കൗശൽ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. രണ്ടു വാരം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 400 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlights: Vicky Kaushal, Ranbir Kapoor, Alia Bhat celebrates Chhaava success