
മലയാള സിനിമയിലെ നിർമാതാക്കൾക്കിടയിലെ തർക്കം ഒത്തുതീർപ്പിലേക്ക്. സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചു. ചേമ്പർ പ്രസിഡന്റും ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലയാള സിനിമയിൽ അരങ്ങേറിയ പ്രശ്നങ്ങൾക്ക് ഇതോടെ കർട്ടൺ വീഴുമെന്നാണ് കരുതപ്പെടുന്നത്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിർമാതാക്കൾ നടത്തിയ പ്രസ് മീറ്റിൽ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞത്. നടന്മാരുമായിട്ടല്ല സർക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും സുരേഷ് കുമാർ പറഞ്ഞു. തിയേറ്ററുകൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. പോപ്‌കോൺ വിറ്റ് കിട്ടുന്ന ക്യാഷ് കൊണ്ടാണ് തിയേറ്ററുകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നത്. ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല. ജൂൺ ഒന്ന് മുതൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യും. സുരേഷ് കുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒപ്പം മോഹൻലാൽ സിനിമയായ എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചും സുരേഷ്‌കുമാർ പരാമർശം നടത്തിയിരുന്നു.
ഇതിനോട് പ്രതികരിച്ചാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ഇതേ തുടർന്ന് ആന്റണിക്ക് പിന്തുണയുമായി പൃഥ്വിരാജ്, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ലിബർട്ടി ബഷീർ തുടങ്ങിയവർ എത്തിയിരുന്നു. എന്നാൽ ജൂൺ ഒന്ന് മുതൽ സമരം ചെയ്യും എന്നല്ല, ചർച്ചകൾ ഫലം ചെയ്തില്ലെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് പോകുമെന്നാണ് ഉദ്ദേശിച്ചതെന്ന് സംഘടനയുടെ ഭാരവാഹികളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിനിടെ ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നാവശ്യവുമായി ഫിലിം ചേംബറും രംഗത്തെത്തിയിരുന്നു. ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോഗത്തിൽ ആവശ്യമുയർന്നു. ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടര്‍ നടപടിയെന്നും ചേംബർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ആന്റണി വഴങ്ങിയത്.
Content Highlights: Antony Perumbavoor withdraws Facebook post against Suresh Kumar