
മലയാള സിനിമാ മേഖലയിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. മാർച്ച് 25 ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകൾക്ക് ഫിലിം ചേംബറിന്റെ അനുമതി വേണമെന്ന് നിർദ്ദേശം. ചേംബറിന്റെ അനുമതിക്ക് ശേഷമേ കരാർ ഒപ്പിടാവൂ എന്ന് സംഘടനകൾക്ക് കത്ത് നൽകി. പുതിയ നീക്കം മോഹൻലാൽ ചിത്രമായ എമ്പുരാനെ ലക്ഷ്യം വെച്ചാണെന്നാണ് സൂചന. ഫിലിം ചേംബറിന്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.
ഫിലിം ചേംബറിന്റെ നീക്കങ്ങള്‍ക്ക് ഫിയോക്കിന്റെ പൂര്‍ണപിന്തുണയുമുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതിനാല്‍ മറ്റു സംഘടനകളുടെ പിന്തുണയുണ്ടെന്നും ചേംബര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് ചേംബറിന്റെ ആവശ്യം. ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോഗത്തിൽ ആവശ്യമുയർന്നു. ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടര്‍ നടപടിയെന്നും ചേംബർ വ്യക്തമാക്കി. ആന്റണി ഏഴ് ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണം. ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിർമാതാക്കൾ നടത്തിയ പ്രസ് മീറ്റിൽ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞത്. നടന്മാരുമായിട്ടല്ല സർക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും സുരേഷ് കുമാർ പറഞ്ഞു. തിയേറ്ററുകൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. പോപ്‌കോൺ വിറ്റ് കിട്ടുന്ന ക്യാഷ് കൊണ്ടാണ് തിയേറ്ററുകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ജൂൺ ഒന്ന് മുതൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു. ഒപ്പം മോഹൻലാൽ സിനിമയായ എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചും സുരേഷ്‌കുമാർ പരാമർശം നടത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയായിരുന്നു.
Content Highlights: Films releasing after march 25 including Empuraan need film chamber approval