
ദുൽഖർ സൽമാൻ നായകനായി എത്തി തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന അഭിപ്രായമാണ് സ്വന്തമാക്കിയത്. വലിയ വിജയം നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. നല്ല അഭിപ്രായമാണ് സിനിമക്ക് ഒടിടി റിലീസിന് ശേഷവും ലഭിക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞും ചിത്രം നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ തുടരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
റിലീസ് ചെയ്ത് തുടർച്ചയായി 13 ആഴ്ചകൾ ട്രെൻഡിങ്ങിൽ തുടരുന്നു എന്ന റെക്കോർഡ് ആണ് ലക്കി ഭാസ്കർ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമയാണിത്. ആർആർആർ, ദേവരാ, കൽക്കി 2898 എഡി എന്നീ സിനിമകളെ പിന്തള്ളിയാണ് ലക്കി ഭാസ്കർ ഈ റെക്കോർഡ് കൈവരിച്ചത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് ലക്കി ഭാസ്കർ നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. ആദ്യ ദിനം 2.05 കോടി കേരളത്തിൽ നിന്ന് നേടിയ ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഫൈനൽ കളക്ഷൻ. മൂന്ന് കോടി രൂപക്ക് ആണ് വേഫറർ ഫിലിംസ് സിനിമയുടെ കേരള വിതരണാവകാശം നേടിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ സിനിമയുടെ ലാഭം കോടികളാണ്.
തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക.
Content Highlights: Lucky Baskhar trending on netflix for 13 consecutive weeks