രജനികാന്ത് സിനിമയുടെ ഒപ്പം ക്ലാഷ് വെച്ചാലും ലബ്ബര്‍ പന്ത് ഹിറ്റായേനെ!: അർച്ചന കൽ‌പാത്തി

'10 കോടിക്കടുത്ത് മാത്രമേ ആ സിനിമക്ക് ചെലവായുള്ളൂ. ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അത് റിലീസ് ചെയ്ത സമയമാണ്.'

dot image

2024 ൽ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലബ്ബർ പന്ത്. മലയാള ചിത്രമായ അയ്യപ്പനും കോശിയിലും പ്രചോദനം കൊണ്ടാണ് സിനിമ ഒരുക്കിയത്. ലബ്ബര്‍ പന്ത് എന്ന ചിത്രം ജയിലറിനൊപ്പം റിലീസ് ചെയ്താല്‍ പോലും വലിയ വിജയം സ്വന്തമാക്കുമെന്ന് ഉറപ്പാണെന്നും ചെറിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമെത്തിയ ചിത്രം വലിയ വിജയമാണ് നേടിയതെന്നും പറയുകയാണ് നിർമാതാവ് അർച്ചന കൽ‌പാത്തി. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകള്‍ ഏതെന്ന് ചോദിച്ചാല്‍ അതിലൊന്ന് ലബ്ബര്‍ പന്തായിരിക്കും. ചെറിയ ബജറ്റും സ്റ്റാര്‍ കാസ്റ്റും കൊണ്ട് ആ സിനിമ നേടിയ റീച്ച് ചെറുതല്ല. 10 കോടിക്കടുത്ത് മാത്രമേ ആ സിനിമക്ക് ചെലവായുള്ളൂ. ആ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അത് റിലീസ് ചെയ്ത സമയമാണ്. സിനിമയുടെ വിജയത്തെ നല്ല രീതിയില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ ആ സമയത്തിന് സാധിച്ചിട്ടുണ്ട്.

Also Read:

പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ജയിലറിന്റെ കൂടെ റിലീസ് ചെയ്താല്‍ പോലും ലബ്ബര്‍ പന്തിന് ഇപ്പോള്‍ ഉള്ള അതേ വിജയം തന്നെ കിട്ടുമെന്നുറപ്പാണ്. കാരണം, ആ സിനിമ പറയുന്ന കഥ അത്രമാത്രം മനോഹരമാണ്. ലബ്ബര്‍ പന്ത് ഒരു കൊമേഴ്‌സ്യല്‍ സിനിമ തന്നെയാണ്. പക്ഷേ, ബജറ്റ് വെച്ച് നോക്കിയാല്‍ അതൊരു ചെറിയ പടമായി തോന്നും. എല്ലാ വര്‍ഷവും ലബ്ബര്‍ പന്ത് പോലുള്ള കൊച്ച് സിനിമകള്‍ വരാറുള്ളതാണ്. അതെല്ലാം വിജയമാവുകയും ചെയ്യും,’ അര്‍ച്ചന കല്പാത്തി പറഞ്ഞു.

ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിലും വേട്ടയ്യൻ അടക്കമുള്ള ചിത്രങ്ങൾ റിലീസിന് എത്തിയതോടെ ലബ്ബർ പന്ത് പല തിയേറ്ററുകളിൽ നിന്നും പിൻവലിക്കപ്പെട്ടിരുന്നു. തമിഴരശൻ പച്ചമുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ലബ്ബർ പന്തിൽ അട്ടക്കത്തി ദിനേശ്, ദേവദർശിനി ചേതൻ, പ്രദീപ് ദുരൈരാജ്, ജെൻസൻ ദിവാകർ, ഹരീഷ് കല്യാൺ, സഞ്ജന, ഗീത കൈലാസം, ബാല ശരവണൻ, സ്വാസിക വിജയ്, കാളി വെങ്കട്ട്, തമിഴ്മണി ഡി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: producer archana kalpathi about the movie Lubber pandhu

dot image
To advertise here,contact us
dot image