
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് ഒരുങ്ങുന്നത്. മാർച്ച് 27 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി പൃഥ്വിരാജിന്റെ 'ടമാർ പഠാർ' എന്ന സിനിമയിലെ ഒരു സീൻ ആണ് വീണ്ടും ട്രെൻഡ് ആകുന്നത്.
ചിത്രത്തിലെ പൃഥ്വി അവതരിപ്പിച്ച പൗരൻ എന്ന പൊലീസ് കഥാപാത്രം തന്റെ മേലുദ്യോഗസ്ഥനോട് ഖുറേഷിയെക്കുറിച്ച് പറയുന്നതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ടോപ് ടെൻ ടെററിസ്റ്റുകളിൽ മൂന്നാമനാണ് ഖുറേഷി. ഇയാളെക്കുറിച്ച് മറ്റൊരു വിവരങ്ങളും നമുക്കില്ല', എന്നാണ് പൃഥ്വിരാജ് പറയുന്നത്. സീൻ വൈറലായതോടെ പൃഥ്വിരാജ് ഇല്ലുമിനാട്ടി തന്നെയാണെന്നാണ് പലരും രസകരമായി കമന്‍റ് ചെയ്യുന്നത്. 12 വർഷം മുൻപ് പൃഥ്വിരാജ് ഇത് പ്രെഡിക്ട് ചെയ്‌തെന്നും കമന്റുകൾ വരുന്നുണ്ട്. 2019ല്‍ ലൂസിഫര്‍ റിലീസായ സമയത്തും ഇതേ സീൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയിലെ മോഹൻലാലിൻറെ ക്യാരക്റ്റർ പോസ്റ്റർ ഇന്നലെ പുറത്തുവന്നിരുന്നു. 'ഖുറേഷി അബ്‌റാമിന്റെ ലോകമാണ് രണ്ടാം ഭാഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ഖുറേഷി അബ്‌റാമിന്റെ അഥവാ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും', എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content HIghlights: Khureshi refrence from Tamaar Padaar film goes viral