
കഴിഞ്ഞ ദിവസം എല്ലാവരും കാത്തിരുന്ന എമ്പുരാനിലെ ഒരു പോസ്റ്റർ പുറത്തുവന്നിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിമന്യു സിംഗിന്റെ പോസ്റ്ററാണ് പുറത്തുവന്നിരുന്നത്. എന്നാൽ പോസ്റ്റർ റിലീസിന് പിന്നാലെ ആരാധകരിൽ നിന്നും നിരാശാജനകമായ പ്രതികരണമായിരുന്നു വന്നത്. കൊറിയൻ താരം ഡോൺ ലീ മുതൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം റിക്ക് യൂണിന്റെ പേരുകൾ വരെ വില്ലൻ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ ഇപ്പോൾ അഭിമന്യുവിനും മുകളിൽ മറ്റൊരു അടാർ വില്ലൻ സിനിമയിൽ ഉണ്ടാകുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകുന്നത്.
ഖുറേഷിയെ തൊടാൻ ശക്തിയുള്ള മറ്റൊരു ഫോഴ്സ് ഇല്ലെന്ന ധാരണ ഉണ്ടെങ്കിൽ അത് തെറ്റായിരിക്കാം എന്നാണ് ക്യാരക്ടർ പോസ്റ്ററിനൊപ്പം പങ്കുവെച്ച വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്. ഇത് മറ്റൊരു വില്ലനായുള്ള സാധ്യത തുറന്നു വെക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 'ആദ്യ ഭാഗം അവസാനിക്കുമ്പോൾ ഖുറേഷി അബ്രഹാം എന്ന് പറയുന്ന അണ്ടർ വേൾഡ് സിൻഡിക്കേറ്റിനെ തൊടാൻ മാത്രം ശക്തിയുള്ള മറ്റൊരു ഫോഴ്സ് ഈ ലോകത്തിൽ ഇല്ല എന്ന ധാരണയിലാണ് നമ്മൾ ആ സിനിമ കണ്ട് പിരിയുന്നത്. ആ ധാരണ ശരിയ്ക്കും സത്യമായിരുന്നോ, അല്ലെങ്കിൽ തെറ്റായിരുന്നോ? ബാക്കി എമ്പുരാനിൽ കാണാം' എന്ന് പറഞ്ഞാണ് പൃഥ്വിരാജ് വീഡിയോ അവസാനിപ്പിക്കുന്നത്.
Lucifer ends up with the assumption of " No other forces exists or is powerful to take down Kureshi Abraam & his mega syndicate "... Was it a misplaced assumption or a wrong belief 👀❓🔥
— Elton 🧢 (@elton_offl) February 26, 2025
All eyes on MG's Writing ✍️ and @PrithviOfficial's Vision 🤞🔥 pic.twitter.com/IozA5F0jw5
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്‌റാം എന്ന ക്രൈം സിൻഡിക്കേറ്റിൻ്റെ തലവനായും മോഹൻലാൽ എത്തിയ ലൂസിഫറിൽ അദ്ദേഹത്തിന്റെ ജനറൽ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെ ആയിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്. ആദ്യ ഭാഗത്തിൽ കുറച്ച് നേരം മാത്രമാണ് സയീദ് സ്‌ക്രീനിലെത്തിയതെങ്കിൽ എമ്പുരാനിൽ സയീദിന് ഒരു പ്രധാനപ്പെട്ട റോൾ തന്നെയുണ്ടാകുമെന്ന സൂചനയാണ് സംവിധായകൻ പൃഥ്വിരാജ് നൽകുന്നത്. സയീദിന്റെ ഭൂതകാലത്തിലേക്കും അയാളുടെ ലോകത്തേക്കും എമ്പുരാൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുമെന്നാണ് കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററിനൊപ്പം പങ്കുവെച്ച വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: There is a suprise villain in Empuraan hints Prithviraj