
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്‌റാം എന്ന ക്രൈം സിൻഡിക്കേറ്റിൻ്റെ തലവനായും മോഹൻലാൽ എത്തിയ സിനിമയിൽ അദ്ദേഹത്തിന്റെ ജനറൽ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെ ആയിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്. ആദ്യ ഭാഗത്തിൽ കുറച്ച് നേരം മാത്രമാണ് സയീദ് സ്‌ക്രീനിലെത്തിയതെങ്കിൽ എമ്പുരാനിൽ സയീദിന് ഒരു പ്രധാനപ്പെട്ട റോൾ തന്നെയുണ്ടാകുമെന്ന സൂചനയാണ് സംവിധായകൻ പൃഥ്വിരാജ് നൽകുന്നത്. സയീദിന്റെ പാസ്റ്റിലേക്കും അയാളുടെ ലോകത്തേക്കും എമ്പുരാൻ പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുമെന്നാണ് കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററിനൊപ്പം പങ്കുവെച്ച വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്.
'ഗോൾഡ് ആൻഡ് ഡയമണ്ട് ട്രേഡ് കൺട്രോൾ ചെയ്യുന്ന ഇൻഫേമസ് നെക്സസ് ആയ ഖുറേഷി അബ്‌റാം എന്ന നെക്സസിന്റെ ഹിറ്റ് ഫോഴ്സ് നയിക്കുന്ന കമാൻഡോ ആയിട്ടാണ് നിങ്ങൾ ഒന്നാം ഭാഗത്തിൽ സയീദിനെ പരിചയപ്പെട്ടത്. എന്നാൽ ലൂസിഫർ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെപ്പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയീദിനും ഒരു പാസ്റ്റുണ്ട്. അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്‌റാം കടന്ന് വന്നതെന്നും നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും', പൃഥ്വിരാജ് പറഞ്ഞു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Zayeed Masood's past will be discussed in Empuraan says Prithviraj