വാടിവാസലിനായി സൂര്യ ഫാൻസ്‌ ഇനിയും കാത്തിരിക്കണം, വെട്രിമാരന്റേതായി ഇനി വരുന്നത് ആ കവിൻ ചിത്രം; ഫസ്റ്റ് ലുക്ക്

ആക്ഷൻ ത്രില്ലർ മൂഡിൽ അല്പം ഡാർക്ക് കോമഡിയുമായിട്ടാണ് 'മാസ്ക്' ഒരുങ്ങുന്നത്

dot image

തമിഴ് സിനിമയിലെ പുതിയ തലമുറയിലെ മികച്ച നടന്മാരിൽ ഒരാളാണ് കവിൻ. സീരിയൽ രംഗത്ത് നിന്ന് സിനിമയിലേക്കെത്തി വളരെ പെട്ടെന്നാണ് കവിൻ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായത്. 'ഡാഡ', 'സ്റ്റാർ' എന്നീ സിനിമകളിലൂടെ ബോക്സ് ഓഫീസിലും മികച്ച പ്രകടനങ്ങളാണ് കവിൻ സിനിമകൾ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ നടന്റെ അടുത്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

'മാസ്ക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ കവിനോടൊപ്പം ആൻഡ്രിയയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സംവിധായകൻ വെട്രിമാരൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം അശോകൻ ആണ്. റുഹാനി ശർമ്മ, ബാല ശരവണൻ, ചാർളി, വിജെ അർച്ചന എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആക്ഷൻ ത്രില്ലർ മൂഡിൽ അല്പം ഡാർക്ക് കോമഡിയുമായിട്ടാണ് 'മാസ്ക്' ഒരുങ്ങുന്നത്. സിനിമയിലെ കഥ നമ്മൾ ചിലപ്പോൾ മുൻപ് കണ്ടതാകും. പക്ഷെ അതിൽ വളരെ രസകരമായ ഒരു എലെമെന്റ് ഉണ്ട്. നമ്മുടെ സമൂഹത്തിലുള്ള ചില പ്രശ്നങ്ങളെയെല്ലാം സിനിമ തുറന്നുകാണിക്കുന്നുണ്ടെന്നും കവിൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിനായി സംഗീതം നൽകുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ സതീഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി സിനിമയായ 'കിസ് ആണ് ഇനി പുറത്തിറങ്ങാനുള്ള കവിൻ സിനിമ. റോമിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ രാഹുലാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ റിലീസ് മാർച്ചിൽ ഉണ്ടാകുമെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു. സ്ലീപ്പർ ഹിറ്റ് ആയ അയോതിയിലെ നായിക പ്രീതി അസ്രാണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അതേസമയം, സൂര്യയെ നായകനാക്കി ഒരുങ്ങുന്ന വാടിവാസൽ ആണ് വെട്രിമാരന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്.

Content Highlights: Vetrimaaran next film with Kavin titled Mask

dot image
To advertise here,contact us
dot image