
ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂൺ 20 ന് ചിത്രം തിയേറ്ററുകളിലെത്തും. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്.
ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെയും രശ്മികളുടെയും ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററും ശ്രദ്ധനേടിയിരുന്നു.
അതേസമയം, ധനുഷിന്റെ സംവിധാനത്തിൽ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം'എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്.
'ഇഡലികടൈ' എന്ന ചിത്രവും ധനുഷ് സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിത്യ മേനനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഒരു മാസത്തെ ഗ്യാപ്പിലാണ് ധനുഷിന്റെ രണ്ട് സംവിധാന സംരംഭങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്. അതേസമയം രശ്‌മിക നായികയായ ഛാവ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കുകയാണ്. ആഗോളതലത്തിൽ സിനിമ 500 കോടി കടന്നിരിക്കുകയാണ്.
Content Hihlights: Dhanush movie kuberaa release date announced