പൃഥ്വിയുടെ ബ്രില്ല്യൻസുകൾ കണ്ടുപിടിക്കാൻ ഒരു അവസരം കൂടി, എമ്പുരാന് മുൻപ് റീ റിലീസിന് ഒരുങ്ങി 'ലൂസിഫർ'

നേരത്തെ എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു

dot image

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് ഒരുങ്ങുന്നത്. സിനിമയുടേതായി ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.

എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരുന്നു എന്നാണ് സിനിമയുടെ ഓവർസെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാർസ് ഫിലിംസ് അറിയിച്ചിരിക്കുന്നത്. മാർച്ച് 20 ന് ലൂസിഫർ റീ റിലീസ് ചെയ്യും. നേരത്തെ എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. സിനിമയുടെ റീ റിലീസ് വലിയ ആവേശം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കുമെന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയിലെ മോഹൻലാലിൻറെ ക്യാരക്റ്റർ പോസ്റ്റർ ഇന്നലെ പുറത്തുവന്നിരുന്നു. 'ഖുറേഷി അബ്‌റാമിന്റെ ലോകമാണ് രണ്ടാം ഭാ​ഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ഖുറേഷി അബ്‌റാമിന്റെ അഥവ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാ​ഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാ​ഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാ​ഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും', എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content HIghlights: Mohanlal film Lucifer to re release on march 20th

dot image
To advertise here,contact us
dot image