
ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
സിനിമയുടെ കേരള വിതരണക്കാർ നൽകുന്ന അപ്ഡേറ്റ് പ്രകാരം ചിത്രം മെയ് ഒന്നിന് പുറത്തിറങ്ങുമെന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് ഇക്കാര്യം തന്റെ എക്സിലൂടെ പങ്കുവെച്ചത്. നേരത്തെ ഒരു അഭിമുഖത്തിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാനുള്ള ചർച്ചകൾ നടക്കുകയാണെന്നും സമ്മർ റിലീസായി ചിത്രം തിയേറ്ററിലെത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഗൗതം മേനോൻ പറഞ്ഞിരുന്നു. 'മദ ഗജ രാജയാണ് എന്റെ പ്രചോദനം. മദ ഗജ രാജയുടെ വിജയത്തിന് ശേഷം നമുക്കും ചിത്രം റിലീസ് ചെയ്യാമെന്ന് ഒരുപാട് പേർ എന്നോട് പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വരുന്നു', ഗൗതം മേനോൻ പറഞ്ഞു. ചിത്രം ഒരിക്കലും 2016 ൽ ഷൂട്ട് ചെയ്തതാണെന്ന് തോന്നില്ലെന്നും കഴിഞ്ഞ ആഴ്ച ഷൂട്ട് തീർന്ന സിനിമ പോലയെ അനുഭവപ്പെടൂ എന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.
Kerala trade says @chiyaan’s #DhruvaNatchathiram in theaters from
— Sreedhar Pillai (@sri50) February 27, 2025
May 1, 2025! pic.twitter.com/wlKQqsyFCj
2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.
Content HIghlights: Vikram film Dhruvanatchathiram release date update revealed