
നിരവധി മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സായ് പല്ലവി. ശിവകാർത്തികേയൻ നായകനായി എത്തിയ അമരനിൽ നടി അവതരിപ്പിച്ച ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിൽ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തെലുങ്കിൽ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ തമിഴിൽ എല്ലാവരും തന്നെ റൗഡി ബേബി എന്ന ലേബലിൽ മാത്രമായിട്ടാണ് കാണുന്നതെന്നും സായ് പല്ലവി പറഞ്ഞിരുന്നു. അമരനിലൂടെ തമിഴ് പ്രേക്ഷകർക്ക് തന്നെ ഒരു നല്ല ആക്ടർ ആയി അവതരിപ്പിച്ചതിന് സംവിധായകൻ രാജ്‌കുമാർ പെരിയസാമിയോട് നന്ദിയുണ്ടെന്നും സായ് പല്ലവി പറഞ്ഞിരുന്നു.
'തെലുങ്കിൽ ആണ് എനിക്ക് നല്ല കഥാപാത്രങ്ങൾ വരുന്നത്. അവിടെ എന്നെ എല്ലാവരും ഒരു നല്ല നടിയായിട്ടാണ് കാണുന്നത്. എന്നാൽ തമിഴിൽ എന്നെ എല്ലാവരും റൗഡി ബേബി ആയിട്ടാണ് കാണുന്നത്. ഒരു ആക്ടർ ആയി എന്തുകൊണ്ട് എന്നെ കാണുന്നില്ല, എന്തുകൊണ്ട് നല്ല കഥാപാത്രങ്ങൾ എനിക്ക് വരുന്നില്ല എന്ന് മനസിലാകുന്നില്ലായിരുന്നു. അമരനിലൂടെ തമിഴ് പ്രേക്ഷകർക്ക് എന്നെ ഒരു നല്ല ആക്ടർ ആയി അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്', സായ് പല്ലവി പറഞ്ഞു.
എന്നാൽ സായ് പല്ലവിയുടെ ഈ പരാമർശത്തിൽ വിമർശനവുമായി നിരവധി പേരെത്തി. ഗാർഗി എന്ന തമിഴ് സിനിമയുടെ പേര് സായ് പല്ലവി പറഞ്ഞില്ലെന്നാണ് പ്രധാന വിമർശനം. നടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമ തമിഴിൽ നിന്നായിട്ടും ആ ചിത്രത്തിന്റെ പേര് പറയാതിരുന്നത് തമിഴ് സിനിമാ പ്രേക്ഷകരെ അപമാനിച്ചതിന് തുല്യമാണെന്നും കമന്റുകൾ വരുന്നുണ്ട്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർഗി ഒരു ഇമോഷണൽ ഡ്രാമ സിനിമയായിട്ടാണ് ഒരുങ്ങിയത്. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പാവ കഥെെകള്‍, എന്‍ജികെ എന്നീ തമിഴ് സിനിമകളിലെ വേഷങ്ങളും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നുണ്ട്.
Content HIghlights: Sai pallavi's statement about tamil cinema receives criticism