
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന തിരിച്ചുവരവാണ് ദുൽഖർ സൽമാന്റേത്. കിംഗ് ഓഫ് കൊത്ത എന്ന പരാജയ ചിത്രത്തിന് ശേഷം നടന്റേതായി മലയാള സിനിമകളൊന്നും വന്നിരുന്നില്ല. ഉടൻ മലയാളത്തിലേക്ക് മടങ്ങിവരുമെന്നും ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ വഴിയേ പുറത്തുവിടുമെന്നും ദുൽഖർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരുന്ന അടുത്ത ദുൽഖർ സിനിമയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
DQ 40 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ വൈകിട്ട് 5 മണിക്ക് അണിയറപ്രവർത്തകർ പുറത്തുവിടും. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മാസ് കൊമേർഷ്യൽ എന്റർടൈയ്നർ ആയിട്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ സിനിമയ്ക്കായുള്ള ലൊക്കേഷൻ ഹണ്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.
It's Time.
— Dulquer Salmaan (@dulQuer) February 28, 2025
⏳@dulQuer @nahaskh1 @dQsWayfarerFilm #dQ40 #DulQuerSalmaan #NahasHidhayath #WayfarerFilms pic.twitter.com/n6Ge5YTZZL
2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. ആദ്യ ദിനം 2.05 കോടി കേരളത്തിൽ നിന്ന് നേടിയ ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഫൈനൽ കളക്ഷൻ.
Content Highlights: Dulquer Salmaan next film DQ40 title from tomorrow