
സിനിമയോടുള്ള നടൻ മോഹൻലാലിൻറെ പ്രതിബദ്ധതയെക്കുറിച്ച് പല അഭിനേതാക്കളും വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ നടി പ്രിയാമണി മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗ്രാൻഡ്മാസ്റ്റർ എന്ന സിനിമയ്ക്കിടെ അമ്മയ്ക്ക് അസുഖമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുമ്പോഴും അത് ഷൂട്ടിനെ ഒരു തരത്തിലും ബാധിക്കാതെയിരിക്കാൻ അദ്ദേഹം സ്വീകരിച്ച രീതികൾ തനിക്ക് വലിയ പാഠമായിരുന്നെന്ന് പ്രിയാമണി പറഞ്ഞു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.
'ലാൽ സാറിന്റെ അമ്മ വളരെ സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. അദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് പോയി അമ്മയോടൊപ്പം സമയം ചെലവഴിക്കും. എന്നിട്ട് ഹോസ്പിറ്റലിൽ നിന്ന് തന്നെ റെഡി ആയി നേരെ സെറ്റിലേക്ക് വരും. ആ പ്രൊഫഷണലിസം സെറ്റിൽ അദ്ദേഹം കാത്തുസൂക്ഷിച്ചു. അപ്പോൾ ഞാൻ സാറിനോട് ചോദിച്ചു, 'അമ്മയ്ക്ക് സുഖമില്ലാത്തതല്ലേ, അമ്മയോടൊപ്പം സമയം ചെലവഴിക്കാനായി ഷൂട്ടിംഗ് നിർത്തിവെക്കാമായിരുന്നല്ലോ?.
'എന്നാൽ അതിന് അദ്ദേഹം നൽകിയ മറുപടി എന്നെ അതിശയിപ്പിച്ചു കളഞ്ഞു. സെറ്റിൽ ആയിരിക്കുമ്പോൾ ഞാനൊരു നടനാണ്. സെറ്റിനു പുറത്ത് ഞാനൊരു മകനാണ്. എൻ്റെ വ്യക്തിജീവിതവും തൊഴിലും ഞാൻ കൂട്ടിക്കുഴക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു മകനെന്ന നിലയിൽ ഞാൻ എൻ്റെ കടമ നിർവഹിക്കുമ്പോൾ, എൻ്റെ ജോലിയെ അത് ബാധിക്കാൻ ഞാൻ അനുവദിക്കില്ല. സംവിധായകന് ഒരു ഭാരമാകാനോ ഷൂട്ട് ക്യാൻസൽ ചെയ്യാനോ ഞാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ എനിക്കായി അനാവശ്യമായി കാത്തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മോഹൻലാൽ സാറിൽ നിന്നും ഞാൻ പഠിച്ച വളരെ വിലപ്പെട്ട ഒരു പാഠമായിരുന്നു അത്', പ്രിയാമണി പറഞ്ഞു.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാൻഡ്മാസ്റ്റർ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. തുടർന്ന് ജീത്തു ജോസഫ് ചിത്രമായ നേരിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.
Content Highlights: Priyamani talks about the commitment of actor mohanlal