പ്രേക്ഷകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'ക്യാപ്റ്റൻ അമേരിക്ക' പ്രദർശനത്തിനിടെ തിയേറ്റർ മേൽക്കൂര തകര്‍ന്നുവീണു

മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ ഫയര്‍ഫൈറ്റേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടുണ്ട്.

dot image

ഹോളിവുഡ് ചിത്രമായ ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡിൻ്റെ പ്രദര്‍ശനത്തിനിടെ തിയേറ്റര്‍ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു. വാഷിങ്ടണിലെ വനാച്ചിയിലുള്ള ലിബര്‍ട്ടി തിയേറ്ററിലെ

പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം. സിനിമ കണ്ടുകൊണ്ടിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദര്‍ശന സമയത്ത് തിയേറ്ററിനകത്ത് ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. പ്രദർശനം നടക്കുന്നതിനിടെ മേൽക്കൂരയുടെ ഭാഗം അടർന്ന് ഇരിപ്പിടങ്ങൾക്കുമേൽ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വനാച്ചി വാലി ഫയര്‍ഫൈറ്റേഴ്‌സ് സംഭവ സ്ഥലത്തെത്തി. മേല്‍ക്കൂര തകര്‍ന്നുവീഴാനുണ്ടായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. തിയേറ്ററില്‍ സ്‌ക്രീനിനോട് അടുത്ത ഭാഗത്തെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പ്രദര്‍ശനസമയത്ത് മേല്‍ക്കൂരയില്‍നിന്ന് ചില ശബ്ദങ്ങൾ തിയേറ്ററിൽ ഉണ്ടായിരുന്നവർ കേട്ടിരുന്നു. അപകടത്തിൽ പ്രേക്ഷകരിൽ ഒരാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിയേറ്ററിൽ നിറയെ ആളുകൾ ഉണ്ടാകാറുള്ള വെള്ളി, ശനി ദിവസങ്ങളിൽ അപകടം ഉണ്ടായിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നെന്ന് തിയേറ്റർ അധികൃതർ പറയുന്നു.

മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ഫയര്‍ഫൈറ്റേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ചിട്ടുണ്ട്. നിരവധി പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ആര്‍ക്കും പരിക്കുകളുണ്ടാകാത്തതിന്റെ ആശ്വാസമാണ് പലരും കമന്റായി പങ്കുവെച്ചത്.

അതേസമയം, മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും പുതിയതായി റിലീസിനെത്തിയ സിനിമയാണ് 'ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്'. സമ്മിശ്ര പ്രതികരണം നേടുന്ന സിനിമയ്ക്ക് ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാകാനാകുന്നില്ല. 'ക്യാപ്റ്റൻ അമേരിക്ക' ഫിലിം സീരീസിലെ നാലാമത്തെ സിനിമയും, 'ദ ഫാൽക്കൺ ആൻഡ് ദി വിൻ്റർ സോൾജിയർ' എന്ന ടെലിവിഷൻ മിനിസീരീസിൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 35-ാമത്തെ ചിത്രവുമാണ് ഇത്. ആൻ്റണി മാക്കി ആണ് ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്കയായി എത്തുന്നത്.

Content Highlights: Theatre collapsed during Captain America: Brave New World screening

dot image
To advertise here,contact us
dot image