
അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ സ്മരണയ്ക്കായി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പേര് മാറ്റിയിരിക്കുകയാണ്. നാസിക് ജില്ലയിലെ ഇഗത്പുരിക്കടുത്തുള്ള പത്ര്യാച്ചവാഡ എന്ന ഗ്രാമമാണ് പേരുമാറ്റിയത്. ഇനി മുതൽ ഈ ഗ്രാമം 'ഹീറോ ചി വാഡി' എന്ന പേരിൽ അറിയപ്പെടും.
15 വർഷം മുൻപ് ത്രിലാങ്‌വാടി കോട്ടയ്ക്കടുത്തുള്ള ഒരു ഫാം ഹൗസ് ഇർഫാൻ ഖാൻ വാങ്ങിയിരുന്നു. ഇദ്ദേഹം ഇവിടെ കൃഷിചെയ്യുകയും ഗ്രാമീണരെ സഹായിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഈ നാടിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതായി ഗ്രാമവാസികൾ പറയുന്നു.
ആംബുലൻസ്, കംപ്യൂട്ടറുകൾ, പുസ്തകങ്ങൾ, കുട്ടികൾക്കായി റെയിൻകോട്ടുകൾ, സ്വെറ്ററുകൾ എന്നിവയൊക്കെ അദ്ദേഹം സംഭാവന ചെയ്തിരുന്നു. സ്കൂൾ കെട്ടിടത്തിനും അദ്ദേഹം സഹായധനം നൽകി. അതിനാലാണ് ഹീറോ എന്ന അർഥത്തിൽ ഗ്രാമത്തിന് ഹീറോചി വാഡി എന്ന് പേരിട്ടതെന്ന് ഗ്രാമവാസികൾ പറയുന്നു.
ന്യൂറോഎൻഡോക്രൈൻ ട്യൂമർ എന്ന രോഗത്തെ തുടർന്ന് 2020 ഏപ്രിലിലാണ് ഇർഫാൻ ഖാൻ അന്തരിച്ചത്. ബോളിവുഡിന് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഹോമി അദാജാനിയയുടെ അംഗ്രേസി മീഡിയം എന്ന ചിത്രത്തിലായിരുന്നു ഇർഫാൻ ഖാൻ അവസാനമായി വേഷമിട്ടത്.
Content Highlights: Village renamed in memory of late Bollywood actor Irrfan Khan