
ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 'നിലാവുക്ക് എൻ മേല്‍ എന്നടി കോപം'. റായൻ, പവർ പാണ്ടി എന്നീ സിനിമകൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്. വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ സിനിമയ്ക്ക് നിർഭാഗ്യവശാൽ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാകാനാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിലീസ് ചെയ്തു ഒരാഴ്ച പിന്നിടുമ്പോൾ 7.50 മാത്രമാണ് ചിത്രത്തിന് നേടാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ദിവസം വെറും 20 ലക്ഷം മാത്രമാണ് സിനിമയ്ക്ക് സ്വന്തമാകാനായത്. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒപ്പമിറങ്ങിയ പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്രാഗണിൽ നിന്നും സിനിമയ്ക്ക് വലിയ രീതിയിൽ കോമ്പറ്റീഷൻ നേരിടുന്നുണ്ട്.
ധനുഷിന്റെ മുൻ സംവിധാന ചിത്രമായ റായൻ ബോക്സ് ഓഫീസിൽ നിന്നും 100 കോടി നേടിയിരുന്നു. ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസ് ആണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം നിർമിച്ചത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിനായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. 'ഇഡലി കടൈ' എന്ന ചിത്രവും ധനുഷ് സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിത്യ മേനനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 2025 ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. രണ്ട് മാസത്തെ ഗ്യാപ്പിലാണ് ധനുഷിന്റെ രണ്ട് സംവിധാന സംരംഭങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്.
Content Highlights: dhanush film Nilavukk en mel ennadi kobam struggles at box office