
അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ഡ്രാഗൺ. തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് നേടുന്നത്. ചിത്രം ആഗോളതലത്തിൽ 100 കോടിയിലേക്ക് അടുക്കുമ്പോൾ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് പ്രദീപ് രംഗനാഥന്റെ പ്രതിഫലമാണ് ശ്രദ്ധ നേടുന്നത്.
ഡ്രാഗൺ എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി പ്രദീപ് രംഗനാഥൻ വാങ്ങിയത് 12 കോടിയാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻചിത്രമായ ലവ് ടുഡേയിൽ 70 ലക്ഷമായിരുന്നു പ്രദീപ് രംഗനാഥന്റെ പ്രതിഫലം. സിനിമയുടെ വിജയത്തിന് പിന്നാലെ നിർമാണ കമ്പനി 80 ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തിരുന്നു.
ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.
Content Highlights: Pradeep Ranganathan's Remuneration For Dragon