
ഒരു ആശുപത്രിയിലെ മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ ജീവിതം വിഷയമാക്കി നർമ്മത്തിൽ ചാലിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രം പ്രകടനങ്ങളുടെ മികവിൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വിഷയത്തിന്‍റെ ഗൗരവം ഒട്ടും ചോരാതെ തന്നെ ആ ഡോക്ടറിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. പുത്തൻ റിലീസുകള്‍ക്കിടയിലും കുടുംബ പ്രേക്ഷകർക്കിടയിൽ ഒന്നാമതായി 'ഗെറ്റ് സെറ്റ് ബേബി' മുന്നിലുണ്ട്.
ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം തലമുറ വ്യത്യാസമില്ലാതെ ഏവരേയും ആകർഷിച്ചിരിക്കുകയാണ് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ഒരുക്കിയിട്ടുള്ള പഴുതുകളടച്ച തിരക്കഥയെ ഉചിതമായ രീതിയിൽ സംവിധായകൻ വിനയ് ഗോവിന്ദ് സ്ക്രീനിൽ എത്തിച്ചിരിക്കുകയാണ്. ഒരു റൊമാന്‍റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാഗതി. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ഇവരുടെ കെമിസ്ട്രിയാണ് എടുത്തുപറയേണ്ട ഘടകം. ഡോ. അർജുൻ ബാലകൃഷ്ണനായി ഉണ്ണിയും, ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖിലയും മികവുറ്റ പ്രകടനം നടത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതികളുടെ വേഷവും ചെമ്പൻ വിനോദും ഫറ ഷിബ്‍ലയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളും ഹൃദയ സ്പർശിയാണ്.
ജോണി ആന്‍റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ, കെപിഎസി ലീല തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. ആർഡിഎക്സിന് ശേഷം അലക്സ് ജെ പുളിക്കലിന്‍റെ കളർഫുള്‍ ദൃശ്യങ്ങള്‍ സിനിമയ്ക്ക് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചുനിൽക്കുന്നവയാണ്.
സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിയേറ്ററുകള്‍ തോറും ജനറേഷൻ ഗ്യാപ്പില്ലാതെ എല്ലാ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന പ്രമേയമാണ് ഗെറ്റ് സെറ്റ് ബേബിയുടേത് എന്ന് നിസ്സംശയം പറയാം. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളും അതാണ് സൂചിപ്പിക്കുന്നത്.
Content Highlights: Unni Mukundan film get set baby into the second week