എനിക്ക് ഒരു മകനുണ്ട്, എന്നെ കൊല്ലരുതെന്ന് ആ ഷോട്ട് എടുക്കുമ്പോൾ ചാക്കോച്ചൻ പറഞ്ഞു: ഐശ്വര്യ രാജ്

"കാർ ചെന്ന് പോസ്റ്റിൽ ഇടിക്കാൻ പോയി, എല്ലാവരും ഓടിക്കൂടി, ചാക്കോച്ചൻ അടുത്ത് വന്നിരുന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ചു"

dot image

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഓരോ ദിവസവും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കുതിച്ച് ഉയരുകയാണ്. സിനിമയുടെ സെറ്റിൽ പുതുമുഖങ്ങൾ ആയിട്ടു പോലും തങ്ങളെ സെലിബ്രിറ്റികളെ പോലെ പരിഗണിച്ചതെന്ന് പറയുകയാണ് ഐശ്വര്യ. സിനിമയുടെ ഒരു സീൻ ചിത്രീകരണത്തിനിടെ എനിക്ക് ഒരു മകനുണ്ട് എന്നെ കൊല്ലരുത് എന്ന് ചാക്കോച്ചൻ പറഞ്ഞുവെന്നും സെറ്റിൽ അദ്ദേഹം വളരെ ഫ്രണ്ട്‌ലി ആയിരുന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേത്തു. സിനിമയില്‍ അന്ന എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ചാക്കോച്ചൻ വളരെ ഈസി ആയിട്ടുള്ള ആളെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം എത്ര ബ്രില്ല്യന്‍റ് ആക്ടർ ആണോ അത്രയും നല്ലൊരു മനുഷ്യൻ ആണ്. ഞാൻ ആദ്യമായി സിനിമയിലേക്ക് എത്തുന്ന ഒരാളാണ്. എനിക്ക് എന്താണ് സിനിമയെന്നോ ഇൻഡസ്ട്രി എന്തെന്നോ അറിയില്ല. ഞാൻ വന്നു നിൽക്കുന്നത് തന്നെ മലയാളത്തിലെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ആളുകളുടെ കൂട്ടത്തിലേക്കാണ്. എനിക്ക് ആദ്യം നല്ല പേടിയും ടെൻഷനും ഉണ്ടായിരുന്നു. പക്ഷെ സെറ്റിലെ ചായ കൊണ്ടുവരുന്ന ചേട്ടൻ മുതൽ എല്ലാരും നന്നായിട്ടാണ് ഞങ്ങളോട് പെരുമാറിയത്. എല്ലാവരും അവിടെ സെലിബ്രിറ്റികളാണ് എന്ന രീതിയിലാണ് ആ സെറ്റിൽ എല്ലാവരും ട്രീറ്റ് ചെയ്തിരിക്കുന്നത്.

എന്റെ കാർ ചേസിങ് സീനിൽ ഞാൻ ചാക്കോച്ചനെയാണ് ഇടിച്ചിടാൻ പോകുന്നത്. എനിക്ക് ഒരു മകനുണ്ട് എന്നെ കൊല്ലരുത് എന്ന ചാക്കോച്ചൻ എന്റെ അടുത്ത് വന്ന് തമാശയായി പറഞ്ഞിരുന്നു.

ഇതുപോലെ വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് നമ്മളോട് സംസാരിക്കുന്നത്. കാർ റിവേഴ്‌സ് എടുക്കുന്ന സീനിൽ ഞാൻ മാസ്റ്റർ പറഞ്ഞു കഴിഞ്ഞു രണ്ട് മിനിറ്റ് കഴിഞ്ഞാണ് നിർത്തിയത്. കാർ കൊണ്ട് പോയി പോസ്റ്റിൽ ഇടിച്ചേനെ. സെറ്റ് ഫുൾ പേടിച്ചു, ആളുകൾ ഓടികൂടി. ചാക്കോച്ചൻ അപ്പോൾ കാറിൽ കയറി വന്ന് എന്റെ അടുത്ത് ഇരുന്ന് ചിരിച്ചു. തോളിൽ ഒരു തട്ടൊക്കെ തന്നിട്ടാണ് പോയത്. ആള് നമ്മളോട് ഇങ്ങോട്ട് പറയും ഒരു കുഴപ്പവും ഇല്ല ധൈര്യമായി ചെയ്തോളാൻ. വലിയ സ്റ്റാർ എന്ന ഒരു ഭാവമില്ല. എല്ലാരും അഭിനേതാക്കൾ ആണെന്ന രീതിയില്‍, ഒരു വ്യത്യാസവും ഇല്ലാതെയാണ് ആ സെറ്റ് ഉണ്ടായിരുന്നത്,' ഐശ്വര്യ പറഞ്ഞു.

അതേസമയം, ചിത്രം മലയാളത്തിന് പുറമെ സിനിമ ഇനി തമിഴിലും തെലുങ്കിലും എത്താനൊരുങ്ങുകയാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡയറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം.

Content Highlights: Aishwarya Raj Talks About Combination Scenes With Chakochan in Officer On Duty

dot image
To advertise here,contact us
dot image