
മമ്മൂട്ടി നായകനായ ഗ്യാങ്‌സ്റ്റർ സിനിമയുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് തുക ആയിരുന്നുവെന്ന് പറയുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള. ആളുകൾ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നതിനാൽ തന്നെ ആ കാലത്തെ റെക്കോർഡ് തുകയാണ് സിനിമയ്ക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.
‘ഭീഷ്മ പര്‍വമെന്ന സിനിമ മമ്മൂക്കയുടെ ഒരു ഗംഭീര ചിത്രമായിരുന്നു. ബിഗ് ബി കഴിഞ്ഞിട്ട് മമ്മൂക്കയും അമല്‍ നീരദും തമ്മില്‍ ചേരുന്ന സിനിമക്ക് സത്യത്തില്‍ ആളുകള്‍ കാത്തിരിക്കുകയായിരുന്നു. അതുപോലെ ആഷിക് അബുവും മമ്മൂക്കയും ചേര്‍ന്ന് ചെയ്ത സിനിമയായിരുന്നു ഡാഡി കൂള്‍. ആ സിനിമ കഴിഞ്ഞ് ആഷിക് അബുവും മമ്മൂക്കയും ഒരുമിച്ചത് ഗ്യാങ്‌സ്റ്ററില്‍ ആയിരുന്നു.
ആ സിനിമക്ക് വേണ്ടിയും ജനം കാത്ത് നില്‍ക്കുകയായിരുന്നു. ഗ്യാങ്‌സ്റ്ററിന്റെ ഒന്നാം ദിവസത്തെ കളക്ഷന്‍ മലയാളം ഇന്‍ഡസ്ട്രിയിലെ അതുവരെയുള്ള ഏറ്റവും വലിയ കളക്ഷനായിരുന്നു. അതായത് അക്കാലത്തെ ആദ്യ ദിവസത്തെ കളക്ഷന്‍ റെക്കോഡ് ആണ് ഞാന്‍ ഉദ്ദേശിച്ചത്. കാരണം ജനം ഏറെ പ്രതീക്ഷിച്ച ഒരു സിനിമയായിരുന്നല്ലോ അത്,’ സന്തോഷ് ടി കുരുവിള പറയുന്നു.
ആഷിക് അബു ഒരുക്കിയ രണ്ടാമത്തെ ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍. പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നീണ്ടു പോയിരുന്നു. 8 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. വമ്പന്‍ പ്രതീക്ഷയുമായെത്തിയ ചിത്രത്തിന് പക്ഷേ ആരാധകരെ തൃപ്തിപ്പെടുത്താനായില്ല.
Content Highlights: Santhosh T Kuruvila first day collection of Mammootty's gangster film