ഞാൻ കണ്ടടോ ആ പഴയ അജു വർഗീസിനെ!, കയ്യടി നേടി നീരജും; മികച്ച പ്രതികരണങ്ങളുമായി ലവ് അണ്ടർ കൺസ്ട്രക്ഷൻ

അജു വർഗീസ് അവതരിപ്പിച്ച പപ്പേട്ടൻ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രമാണെന്നാണ് പ്രധാന പ്രതികരണങ്ങള്‍.

dot image

ഡിസ്നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസ് ആണ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ'. അജു വര്‍ഗീസും നീരജ് മാധവും ഗൗരി ജി കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് സീരിസിന് ലഭിക്കുന്നത്. കോമഡികളും അജു വർഗീസിന്റെ പ്രകടനവും വലിയ കയ്യടികളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നേടുന്നത്. സീരിസിലെ റൊമാന്റിക് സീനുകൾ മികച്ചുനിന്നെന്നും അഭിപ്രായങ്ങളുണ്ട്.

അജു വർഗീസ് അവതരിപ്പിച്ച പപ്പേട്ടൻ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രമാണെന്നും നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് സീരീസിലേതെന്നുമാണ് അഭിപ്രായങ്ങൾ. അജു വർഗീസ് - നീരജ് മാധവ് കോംബോ നല്ല രീതിയിൽ വർക്ക് ആയെന്നും പ്രേക്ഷകര്‍ പറയുന്നു. നീരജ് മാധവിനും നല്ല സ്വീകരണം ലഭിക്കുന്നുണ്ട്. മലയാളത്തിൽ നീരജ് അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസ് ആണിത്. നേരത്തെ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ഹിന്ദി ഷോ ആയ ദി ഫാമിലി മാനിലെ നീരജിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

നീരജ് മാധവ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു വീട് വെയ്ക്കാൻ ശ്രമിക്കുന്നതും, അയാളുടെ പ്രണയത്തിനെയും ചുറ്റിപറ്റി കഥ പറയുന്ന ഒരു സീരീസ് ആണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ.

ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിരീസിന്‍റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ വാശി എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന സീരീസ് ആണിത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങുന്നത്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, 1000 ബേബീസ്, നാഗേന്ദ്രൻസ് ഹണിമൂൺ, മാസ്റ്റർപീസ് എന്നീ സീരീസുകൾക്ക് ശേഷം ഹോട്ട്സ്റ്റാറിൻ്റേതായി പുറത്തിറങ്ങുന്ന മലയാളം സീരീസ് ആണിത്.

Content Highlights: Aju Varghese performance in Love under construction gets positive response

dot image
To advertise here,contact us
dot image